ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം

Web Desk
2 Min Read

ദോഹ: രാജ്യസ്‌നേഹവും ഐക്യത്തിന്റെ സന്ദേശവും ഉയര്‍ത്തിപ്പിടിച്ച് ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വിദ്യാര്‍ഥികളിലും ജീവനക്കാരിലും ദേശീയ അഭിമാനം, ഐക്യം, അഖണ്ഡത, ഉത്തരവാദിത്തബോധം, സേവന മനോഭാവം എന്നിവ വളര്‍ത്തിയെടുക്കുന്നതിനുള്ള സ്‌കൂളിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായിരുന്നു ആഘോഷ പരിപാടികള്‍.

city exchange

അല്‍ തുമാമ കാമ്പസില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഡേവിസ് എടക്കുളത്തൂര്‍ ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഒലീവ് സമൂഹത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. ഉത്തരവാദിത്തമുള്ള പഠിതാക്കളെ വളര്‍ത്തിയെടുക്കുക എന്ന സ്‌കൂളിന്റെ ദൗത്യവും ഐക്യത്തിലൂടെയും പുരോഗമന വിദ്യാഭ്യാസത്തിലൂടെയും കരുണയുള്ളതും ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളവരുമായ ആഗോള പൗരന്മാരെ രൂപപ്പെടുത്തുക എന്ന കാഴ്ചപ്പാടും അദ്ദേഹം വിശദീകരിച്ചു. അബു ഹമൂറിലെയും നുഐജയിലെയും കാമ്പസുകളില്‍ നിന്നുള്ള ജീവനക്കാരും അല്‍ തുമാമയിലെ ആഘോഷത്തില്‍ പങ്കെടുത്തു. ഇത് ഐക്യത്തിന്റെയും ഒരേ ലക്ഷ്യത്തിനായുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സന്ദേശമായി.

ഉം സലാല്‍ അലി കാമ്പസില്‍ ഖറൈതിയാത്ത് കാമ്പസിലെ ജീവനക്കാര്‍ ദേശീയപതാക ഉയര്‍ത്തല്‍ ചടങ്ങിനായി ഒത്തുചേര്‍ന്നു. പ്രിന്‍സിപ്പല്‍ ജേക്കബ് മാത്യു ദേശീയപതാക ഉയര്‍ത്തി. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രധാന പ്രമേയമായ ‘2047ല്‍ വികസിത ഭാരതത്തിനായി യുവശക്തി’ എന്ന ആശയവും ‘വന്ദേ മാതര’ത്തിന്റെ 150-ാം വാര്‍ഷികാഘോഷവും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ശാസ്ത്രം, നവീകരണം, സംരംഭകത്വം, നേതൃത്വം തുടങ്ങിയ മേഖലകളിലൂടെ രാജ്യത്തിന്റെ പുരോഗതിക്ക് നിര്‍ണായക സംഭാവന നല്‍കുന്ന ഇന്ത്യയിലെ യുവതലമുറയുടെ പ്രാധാന്യമാണ് യുവശക്തി എന്ന ആശയം ഉയര്‍ത്തിക്കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ പൂര്‍ണമായും വികസിത രാഷ്ട്രമാക്കി മാറ്റുക എന്നതാണ് ‘വികസിത ഭാരതം @2047’ എന്ന കാഴ്ചപ്പാടിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് തലമുറകളെ പ്രചോദിപ്പിക്കുകയും ഇന്നും രാജ്യസ്‌നേഹത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും പ്രതീകമായി നിലകൊള്ളുകയും ചെയ്യുന്ന ദേശീയഗാനമായ ‘വന്ദേ മാതര’ത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിനും ചടങ്ങില്‍ പ്രാധാന്യം നല്‍കി.

വിദ്യാര്‍ഥികളും ജീവനക്കാരും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. രാജ്യസ്‌നേഹ ഗാനങ്ങള്‍, നൃത്തങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവയിലൂടെ ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, വൈവിധ്യത്തിലെ ഐക്യം, പ്രചോദനമേകുന്ന സ്വാതന്ത്ര്യസമരം എന്നിവ അവതരിപ്പിച്ചു.

ഐക്യം, വിദ്യാഭ്യാസം, അഖണ്ഡത, എല്ലാവരുടെയും പുരോഗതി എന്നിവയില്‍ അധിഷ്ഠിതമായ ഇന്ത്യയുടെ പൈതൃകത്തോടും ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ കാഴ്ചപ്പാടിനോടുമുള്ള പ്രതിബദ്ധത പുതുക്കിയതോടെയാണ് ആഘോഷങ്ങള്‍ക്ക് സമാപനമായത്.

Share This Article
Leave a Comment
error: Content is protected !!