
ദോഹ: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും സാമൂഹിക പുരോഗതിയിലും നിര്‍ണായക പങ്കുവഹിച്ചുവരുന്ന പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകള്‍ ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ മതിയായ രീതിയില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ വികസന യാത്രയില്‍ പ്രവാസി മലയാളികളുടെ സംഭാവന അതുല്യമായിരിക്കെ, അവരുടെ ക്ഷേമം, പുനരധിവാസം, നിക്ഷേപ പ്രോത്സാഹനം, തൊഴില്‍ പിന്തുണ, സാമൂഹിക സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തവും ഫലപ്രദവുമായ പുതിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം നേടുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിച്ചിരുന്നത്. പ്രവാസി വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലായിരിക്കെ പ്രത്യേകിച്ചും.

വിദേശ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികള്‍ ഇന്നും തൊഴില്‍ അനിശ്ചിതത്വം, സാമ്പത്തിക സുരക്ഷ, ആരോഗ്യ പരിരക്ഷ, മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായുള്ള പുനരധിവാസവും സംരംഭകത്വ സഹായവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍, ഇത്തരം വിഷയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടായിരുന്നു.
പ്രവാസികള്‍ വെറും വിദേശ നാണ്യ വരുമാനത്തിന്റെ ഉറവിടമല്ല. കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന്റെ ശക്തമായ പങ്കാളികളാണ്. അതിനാല്‍ വരാനിരിക്കുന്ന നയപരമായ ഇടപെടലുകളിലും അനുബന്ധ പ്രഖ്യാപനങ്ങളിലും പ്രവാസി സമൂഹത്തിന്റെ ക്ഷേമവും പങ്കാളിത്തവും മുന്‍ഗണനാപൂര്‍വ്വം പരിഗണിക്കണമെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
ഈ സാഹചര്യത്തില്‍ പ്രവാസി ക്ഷേമത്തിനായി കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി ഐ സി പ്രസിഡന്റ് ആര്‍ എസ് അബ്ദുല്‍ ജലീല്‍ പ്രസ്താവനയില്‍ അറിയിച്ചു.

