ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍

Web Desk
1 Min Read

തൃശൂര്‍: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാല രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന തള്ളി കല്ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം.
കേരളത്തില്‍ ലൗ ജിഹാദിനും ലഹരി ജിഹാദിനുമുള്ള സാഹചര്യമില്ലെന്നും പാലാ ബിഷപ്പിന്റെ പ്രസ്താവനയുടെ കാരണം അറിയില്ലെന്നും മാര്‍ അപ്രേം പറഞ്ഞു.

city exchange


മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തിലെ കത്തോലിക്ക സഭയുടെ ആശങ്ക ശരിയായിരിക്കാം. പക്ഷേ വിഷയത്തില്‍ കല്ദായ സുറിയാനി സഭയ്ക്ക് ആശങ്കയില്ലെന്നും കേരളത്തില്‍ ഇത് ചര്‍ച്ചയാക്കേണ്ടെന്നും ബിഷപ് മാര്‍ അപ്രേം പറഞ്ഞു.


നേരത്തെ പാല ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസും രംഗത്ത് എത്തിയിരുന്നു. സുവിശേഷം സ്‌നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

- Advertisement -
Ad image


മതേതരത്വം അതിവേഗം തകര്‍ക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഒഴിവാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നാര്‍ക്കോട്ടിക് പ്രശ്‌നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം സ്വാഗതം ചെയ്തു.

നാര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയ വി ഡി സതീശനും പി ടി തോമസിനും മാര്‍ കൂറിലോസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.


നാര്‍ക്കോട്ടിക് ജിഹാദ് സംഘപരിവാര്‍ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങളെ അകറ്റുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ചെളിവാരിയെറിയുന്നത് നിര്‍ത്തണമെന്നും മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം പരിശോധിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
നാട്ടില്‍ ചിലര്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ എന്തുവിലകൊടുത്തും തടയുകയാണ് തങ്ങളെ പോലുള്ള രാഷ്ട്രീയനേതാക്കളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സഭക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. ബിഷപ്പ് ഉന്നയിച്ച ആരോപണം വഷളാക്കാന്‍ മറ്റൊരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!