Connect with us

Featured

ജംഷഡ്പൂരിനെ വീണ്ടും വീഴ്ത്തി ബ്ലാസ്റ്റേഴ്‌സ് കുതിപ്പ്

Published

on


കൊച്ചി: തോല്‍വിയറിയാതെ സീസണില്‍ തുടര്‍ച്ചയായ എട്ടാം മത്സരം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് പുതുവര്‍ഷം സ്വപ്നതുല്യമായി തുടങ്ങി. ജംഷഡ്പൂര്‍ എഫ് സിയെ 3-1ന് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ് തുടര്‍ന്നു. 12 കളിയില്‍ എട്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാലാം ജയം നേടിയ ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റാണുള്ളത്. കളിയുടെ ഒന്‍പതാം മിനിറ്റില്‍ അപ്പോസ്തൊലോസ് ജിയാനു നേടിയ മനോഹര ഗോളില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 18-ാം മിനിറ്റില്‍ ഡാനിയേല്‍ ചുക്വുവിലൂടെ ജംഷഡ്പൂര്‍ കളി തിരിച്ചുപിടിച്ചെങ്കിലും 31-ാം മിനിറ്റിലെ പെനല്‍റ്റി കിക്കിലൂടെ ഡയമന്റകോസ് മഞ്ഞപ്പടയെ വീണ്ടും മുന്നിലെത്തിച്ചു. 65-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ ഗോളില്‍ ബ്ലാസ്റ്റേഴ്സ് വിജയമുറപ്പിച്ചു. ഡിസംബറിലെ എവേ മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ജംഷഡപൂരിനെ തോല്‍പിച്ചിരുന്നു. ജനുവരി എട്ടിന് മുംബൈ ഫുട്ബോള്‍ അരീനയില്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.

അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കുന്നുംപുറത്ത് 105-ാം നമ്പര്‍ അങ്കണവാടി റോഡ് കട്ട വ…

ഒഡീഷ എഫ് സിക്കെതിരെ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് ജംഷഡ്പൂര്‍ എഫ് സിക്കെതിരെ വരുത്തിയത്. ഇവാന്‍ കല്യൂഷ്നിക്ക് പകരം അപ്പോസ്തൊലോസ് ജിയാനു മധ്യനിരയിലെത്തി. കൂടെ സഹല്‍ അബ്ദുസമദ്, അഡ്രിയാന്‍ ലൂണ, ജീക്്സണ്‍ സിങ് എന്നിവര്‍. പ്രതിരോധത്തില്‍ ജെസെല്‍ കെര്‍ണയ്‌റോ, സന്ദീപ് സിങ്, ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച് തുടര്‍ന്നു. കെ പി രാഹുലും ദിമിത്രിയോസ് ഡയമന്റാകോസും മുന്നില്‍ നയിച്ചു. ബാറിന് കീഴില്‍ പ്രഭ്സുഖന്‍ സിങ്ഗില്‍. പുറത്താക്കപ്പെട്ട പീറ്റര്‍ ഹാര്‍ട്ലിക്ക് പകരമെത്തിയ ഓസ്ട്രേലിയന്‍ ഡിഫന്റര്‍ ഡിലന്‍ ഫോക്സിനെ ജംഷഡ്പൂര്‍ എഫ് സി ആദ്യ ഇലവനില്‍ കളിപ്പിച്ചില്ല. ക്യാപ്റ്റന്‍ എലി സാബിയ, പ്രതിക് ചൗധരി, മുഹമ്മദ് ഉവൈസ്, റിക്കി ലാല്‍മാവ്മ എന്നിവരായിരുന്നു പ്രതിരോധത്തില്‍. മധ്യനിരയില്‍ ഫിജംസിങ്, ജായ് തോമസ്, ബോറിസ് സിങ്, റാഫേല്‍ ക്രിവെല്ലറോ എന്നിവര്‍. ഇഷാന്‍ പണ്ഡിത, ഡാനിയേല്‍ ചുക്വു എന്നിവരായിരുന്നു മുന്നേറ്റത്തില്‍. ഗോള്‍വലയ്ക്ക് മുന്നില്‍ വിശാല്‍ യാദവ്.

തകര്‍പ്പന്‍ തുടക്കമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്. ആദ്യമിനിറ്റുകളില്‍ തന്നെ തുടര്‍ച്ചയായി മൂന്ന് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. രണ്ടാമത്തെ കോര്‍ണറിനൊടുവില്‍ ജംഷെഡ്പൂര്‍ കഷ്ടിച്ചാണ് ദാനഗോളില്‍ നിന്ന് രക്ഷപ്പെട്ടത്. ഡാനിയേല്‍ ചുക്വിവിന്റെ ശ്രമം പ്രഭ്സുഖന്‍ അനായാസം കയ്യിലൊതുക്കിയതിന് പിന്നാലെ, ബ്ലാസ്റ്റേഴ്സ് ലീഡെടുത്തു. ഇടതുഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി ജംഷഡ്പൂര്‍ ബോക്സിലേക്ക് കുതിച്ച ഡയമന്റകോസ് പ്രതിരോധ താരങ്ങളെയും വെട്ടിച്ച് ബോക്സിനകത്ത് കയറി വലക്ക് മുന്നിലേക്ക് പന്തുനല്‍കി. പന്ത് കൃത്യം കാലില്‍ കൊരുത്ത ജിയാനു മനോഹരമായ പുറങ്കാല്‍ ഷോട്ടില്‍ ലക്ഷ്യംകണ്ടു. ആ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. 18-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ തിരിച്ചടിച്ചു. മൈതാന പകുതിയില്‍ കളി മെനയുന്നതിനിടെ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കുണ്ടായ പിഴവില്‍ ജംഷഡ്പൂര്‍ പന്ത് കൈക്കലാക്കി. മധ്യനിര താരം ബോക്സിലേക്ക് നല്‍കിയ പന്തിനായി ഇഷാന്‍ പണ്ഡിത കുതിക്കുമ്പോള്‍ തടയാന്‍ പ്രതിരോധ താരങ്ങള്‍ ആരുമുണ്ടായില്ല. മുന്നോട്ടു കുതിച്ച പ്രഭ്സുഖന്‍ സിങ് ഗില്‍ ഇഷാനെ ബ്ലോക്ക് ചെയ്തെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. ഡാനിയേല്‍ ചുക്വുവിന്റെ ഷോട്ട് വലക്ക് കുറുകെ ചാടി തടയാനുള്ള ലെസ്‌കോവിച്ചിന്റെ ശ്രമം വിഫലമായി. ജംഷഡ്പൂര്‍ കളി സമനിലയിലാക്കി. ബ്ലാസ്റ്റേഴ്സ് വീണ്ടും ആക്രമണത്തിന് കോപ്പുകൂട്ടി. കൗണ്ടര്‍ അറ്റാക്കിങിന് ജംഷഡ്പൂരും ശ്രമിച്ചു. 22-ാം മിനിറ്റില്‍ രാഹുലിന്റെ വല ലക്ഷ്യമാക്കിയുള്ള ഒരു ഷോട്ട് ഗോളി അനായാസം കയ്യിലാക്കി. 28-ാം മിനിറ്റില്‍ മറ്റൊരു ശ്രമം ബാറിന് മുകളിലൂടെ പറന്നു.

31-ാം മിനിറ്റില്‍ ബ്ലാസ്റ്റേ്ഴ്സ് വീണ്ടും മുന്നിലെത്തി. ബോക്സിനകത്ത് ജെസെലിന്റെ നീക്കം തടയുന്നതിനിടെ പന്ത് ബോറിസ് സിങിന്റെ കയ്യില്‍ തട്ടി, ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി കിക്കില്‍ ഡയമന്റകോസ് അനായാസം ലക്ഷ്യം കണ്ടു. ഗോള്‍കീപ്പര്‍ക്ക് ഊഹത്തിന് പോലും സമയം നല്‍കാതെ ഗ്രീക്ക് താരം വലയുടെ ഇടതുമൂലയില്‍ പന്തെത്തിച്ചു. തൊട്ടുപിന്നാലെ സഹലിന്റെ ഒരു ഗോള്‍ശ്രമം കോര്‍ണറിന് വഴങ്ങി വിശാല്‍ യാദവ് വിഫലമാക്കി. മറുഭാഗത്ത് ഇഷാന്‍ പണ്ഡിതയുടെ ബോക്സിനകത്ത് നിന്നുള്ള തകര്‍പ്പന്‍ ഷോട്ട് തട്ടിയകറ്റി പ്രഭ്സുഖന്‍ സിങും രക്ഷകന്റെ റോളിലെത്തി.

ജെസെലിനെ പിന്‍വലിച്ച് നിഷുകുമാറിനെ പകരക്കാരനാക്കിയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിക്കിറങ്ങിയത്. 60-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക് കിട്ടി. സന്ദീപ് സിങിന്റെ ഒരു ബുള്ളറ്റ് ഷോട്ട് വിശാല്‍ കുത്തിയകറ്റി. അഞ്ചു മിനിറ്റുകള്‍ക്കകം ബ്ലാസ്റ്റേഴ്സ് വീണ്ടും ലക്ഷ്യത്തിലെത്തി. മനോഹരമായ ടീം ഗെയിമിനൊടുവില്‍ അഡ്രിയാന്‍ ലൂണയുടേതായിരുന്നു ഗോള്‍. ബോക്സിന് പുറത്ത് നിന്ന് ലൂണ നല്‍കിയ പന്ത് സഹല്‍ തിരികെ നല്‍കി, വലയിലേക്ക് ഒന്നുകൂടി അടുത്ത ലൂണ, ദിമിത്രിയോസിന് പന്ത്കൈമാറി. ദിമിത്രിയോസിന്റെ ചടുല നീക്കത്തില്‍ പന്ത് ജിയാനുവിന്റെ കാലിലെത്തി. പുറങ്കാല്‍ കൊണ്ട് ആദ്യഗോള്‍ നേടിയ ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ സമാനമായൊരു നീക്കത്തില്‍ ലൂണയ്ക്ക് തന്നെ പന്ത് നല്‍കി. ഇതിനകം ബോക്സില്‍ കയറിയ ലൂണയുടെ ലോ ഷോട്ടില്‍ ജംഷഡ്പൂര്‍ ഗോളിയും പ്രതിരോധവും കാഴ്ച്ചക്കാര്‍ മാത്രമായി.

71-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ടു മാറ്റങ്ങള്‍ വരുത്തി. സഹല്‍ അബ്ദുസമദും ജിയാനുവും മാറി, നിഹാല്‍ സുധീഷും വിക്ടര്‍ മോംഗിലും യഥാക്രമം പകരക്കാരായി. ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ജംഷഡ്പൂരിന്റെ ആക്രമണങ്ങള്‍ പ്രതിരോധം പൊളിച്ചു. ബ്ലാസ്റ്റേഴ്സ് വീണ്ടും കളിമാറ്റി, രാഹലിന് പകരം ബ്രൈസ് മിറാന്‍ഡ ഇറങ്ങി. അവസാന മിനിറ്റില്‍ ഡയമന്റകോസിനെ പിന്‍വലിച്ച് ബിദ്യാസാഗറിനെയും കോച്ച് കളത്തിലിറക്കി. കളിയുടെ അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂര്‍ ആക്രമിച്ചുകളിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെയും ഗോളിയെയും മറികടക്കാനായില്ല.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

error: Content is protected !!