Community
മക്കാ ഇസ്‌ലാമിക സമ്മേളനം സമാപിച്ചു
മുസ്‌ലിം പ്രസ്ഥാനങ്ങളുടെ സഹകരണ വേദികളുണ്ടാവുമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍
മക്ക: വിവിധ മുസ്‌ലിം കര്‍മ്മശാസ്ത്ര സരണികളും ചിന്താധാരകളും പിന്‍പറ്റുന്നവര്‍ക്കിടയില്‍ അടുപ്പവും ഉയര്‍ന്ന സംസ്‌കാരമുള്ള പെരുമാറ്റവും ശക്തമാക്കണമെന്ന ആഹ്വാനത്തോടെ മക്കയില്‍ നടന്ന ആഗോള ഇസ്‌ലാമിക സമ്മേളനം സമാപിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്വ) ആണ് രണ്ട് ദിവസം നീണ്ടുനിന്ന ആഗോള ഇസ്‌ലാമിക സമ്മേളനം സംഘടിപ്പിച്ചത്.


സമ്മേളനത്തില്‍ മുസ്ലിം ഐക്യം എന്നതിന്ന് പുറമെ ഫലസ്തീന്‍, സുഡാന്‍, സിറിയ തുടങ്ങിയ പ്രദേശങ്ങളിലെ സമകാലീന അവസ്ഥയും മുസ്‌ലിം ന്യൂനപക്ഷ ങ്ങളുടെ പ്രശ്‌നങ്ങളും വിശകലനം ചെയ്തു.


തൊണ്ണൂറ് രാഷ്ട്രങ്ങളില്‍ നിന്നായി മുന്നോറോളം പണ്ഡിതന്മാരും നേതാക്കളും മുഫ്തിമാരും പങ്കെടുത്തു.


ഉദ്ഘാടന സമ്മേളത്തില്‍ മക്കാ ഇമാം ശൈഖ് ഡോ. അബ്ദുല്ലാ ബിന്‍ അവ്വാദ് അല്‍ ജുഹനി ഖുര്‍ആന്‍ പാരായണം നിര്‍വ്വഹിച്ചു.
സൗദി ഗ്രാന്റ് മുഫ്തിയും ആഗോള മുസ്‌ലിം പണ്ഡിത സഭാ ചെയര്‍മാനും റാബിത്വ പ്രസിഡന്റുമായ ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് ഉദ്ഘാടന പ്രഭാഷണം നടത്തി.
മക്കാ മദീനാ ഹറം കാര്യാലയം പ്രസിഡന്റും മക്കാ മുഖ്യ ഇമാമുമായ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, റാബിത്വ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസ തുടങ്ങിയവരും വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംസാരിച്ചു.

അമ്പതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. സമാപന സമ്മേളനം സൗദി രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഇമാമുമായ ശൈഖ് ഡോ. സാലിഹ് ബിന്‍ അബ്ദുല്ലാ ബിന്‍ ഹുമൈദ് ഉദ്ഘാടനം ചെയ്തു.
മക്കാ ചീഫ് ഇമാം ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, ഇറാന്‍ ഭരണകൂട വിദഗ്ധ സമിതി അംഗം ആയത്തുല്ലാ ശൈഖ് അഹ്മദ് മുബല്ലിഗീ, ഒ ഐ സി ജനറല്‍ സെക്രട്ടരി ഖുതുബ് മുസ്തഫ സാനു, നേപ്പാളിലെ പ്രമുഖ ബറേല്‍വി പണ്ഡിതന്‍ ശൈഖ് അലി മിസ്ബാഹി തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്ത്യയില്‍ നിന്ന് ഓള്‍ ഇന്ത്യാ അഹ്‌ലെ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ അലി ഇമാം മഹ്ദി, കേരള നദ് വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ പങ്കെടുത്തു.
സമ്മേളനത്തിന്റെ തീരുമാനപ്രകാരം വിവിധ മുസ്‌ലിം വിഭാഗങ്ങളുള്‍ക്കൊള്ളുന്ന സമന്വയ വേദികളുണ്ടാവുമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ അറബ് മാധ്യമങ്ങളോട് പറഞ്ഞു. സമ്മേളനത്തിന്റെ ശീര്‍ഷകമായ ‘വിവിധ മുസ്‌ലിം കര്‍മ്മശാസ്ത്ര ചിന്താസരണികള്‍ക്കിടയില്‍ പാലം നിര്‍മ്മിക്കല്‍’ എന്നത് ഏറെ വശ്യവും ഹൃദ്യവുമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് മനുഷ്യനോളം പഴക്കമുണ്ട്. ഇസ്‌ലാമിന്റെ ആദ്യ കാല അനുയായികളായ സഹാബിമാര്‍ക്കിടയില്‍ പോലും പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. അതിപ്പോഴുമുണ്ട്. ഇനിയും തുടരുകയും ചെയ്യും.
അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിംകള്‍ക്ക് പൊതുപ്രശ്ങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനാവുമെന്നാണ് സമ്മേളനം ആവശ്യപ്പെടുന്നതെന്നു ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.


