

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന പത്താമത് ചാലിയാര്‍ സ്പോര്‍ട്സ് ഫെസ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ സെമി ഫൈനല്‍ വരെയുള്ള മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കൊടിയത്തൂര്‍ പഞ്ചായത്തും ചീക്കോട് പഞ്ചായത്തും ഫൈനലില്‍ പ്രവേശിച്ചു. മാവൂര്‍, കിഴുപറമ്പ് പഞ്ചായത്തുകള്‍ മൂന്നാം സ്ഥാനക്കാരായി.

എമിടെക് എം ഇ പി മാനേജിങ് ഡയറക്ടര്‍ അനീഷ്, ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, സിദ്ദീഖ് വാഴക്കാട്, ഹൈദര്‍ ചുങ്കത്തറ, ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ്, ജനറല്‍ സെക്രട്ടറി സി ടി സിദ്ദീഖ് ചെറുവാടി, രതീഷ് കക്കോവ് ചാലിയാര്‍ ദോഹ ഭാരവാഹികള്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

സ്പോര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച നടന്ന നീന്തല്‍ മത്സരത്തില്‍ വാഴക്കാട് പഞ്ചായത്തിലെ ഷഫീഖിന് ഒന്നാം സ്ഥാനവും അബ്ദുല്‍ ഹമീദ് (ചീക്കോട് പഞ്ചായത്ത്), ഫാഇസ് (എടവണ്ണ പഞ്ചായത്ത്) എന്നിവര്‍ രണ്ടാം സ്ഥാനം തുല്യമായി പങ്കിട്ടപ്പോള്‍ മൂന്നാം സ്ഥാനം ഫറോക്ക് പഞ്ചായത്തിന്റെ മുര്‍ഷിദ് കരസ്ഥമാക്കി.
ആയിരത്തോളം മത്സരാര്‍ഥികളുടെ പഞ്ചായത്തടിസ്ഥാനത്തില്‍ ഉള്ള റജിസ്‌ട്രേഷന്‍ എണ്ണം കൂടുതലായതിനാല്‍ ഇത്തവണ സ്‌പോര്‍ട്‌സ് ഫെസ്റ്റിലെ ചില ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ നേരത്തെ നടത്താന്‍ തീരുമാനമായത്
ഫെബ്രുവരി 13ന് ചൊവ്വാഴ്ച രാവിലെ 7 മണി മുതല്‍ അല്‍ വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മാര്‍ച്ച് പാസ്റ്റോടെ ചാലിയാര്‍ സ്പോര്‍ട്സ് ഫെസ്റ്റ് പത്താം എഡിഷന് ഔദ്യോഗിക തുടക്കമാവും. ഫൈവ്‌സ് ഫുട്‌ബോള്‍ ഫൈനല്‍, പഞ്ച ഗുസ്തി, വടം വലി, റണ്ണിംഗ് റേസ്, 4×100 റിലേ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഷൂട്ട് ഔട്ട്, ബാസ്‌കറ്റ് ബോള്‍ ത്രോ, ബോള്‍ ഓണ്‍ സ്റ്റമ്പ് എന്നിവയാണ് മറ്റു മത്സര ഇനങ്ങള്‍. രാവിലെ 7 മണിക്ക് വക്ര സ്‌പോര്‍ട്‌സ് ഫെസ്റ്റില്‍ എത്തുന്ന ചാലിയാര്‍ തീരത്തുള്ള പഞ്ചായത്തുകള്‍ക്ക് പുറമെ മറ്റു കുട്ടികള്‍ക്കും ചിത്രരചനാ മത്സര്‍ങ്ങള്‍ക്കും പങ്കെടുത്തു സമ്മാനങ്ങള്‍ കരസ്ഥമാക്കാം. കൂടാതെ സ്പോര്‍ട്‌സ് ഫെസ്റ്റിന് വരുന്നവര്‍ക്ക് മറ്റനേകം ആകര്‍ഷകമായ സമ്മാനങ്ങളും കാത്തിരിക്കുന്നു.

