മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനത്തിന് തുടക്കം

Web Desk
3 Min Read

മസ്‌കത്ത്: കാല്‍ നൂറ്റാണ്ടിനു ശേഷം മസ്‌കത്ത് സന്ദര്‍ശിക്കുന്ന കേരളത്തിന്റെ മുഖ്യന്ത്രിയെ വരവേറ്റ് ഒമാനിലെ പ്രവാസി സമൂഹം. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ ജി വി ശ്രീനിവാസ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ബാബു രാജേന്ദ്രന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് അംഗം വില്‍സന്‍ ജോര്‍ജ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിംഗ് കണ്‍വീനര്‍ അജയന്‍ പൊയ്യാറ, ഒമാനിലെ വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

city exchange

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരളാ വിംഗ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവലില്‍ (ഐ സി എഫ്) മുഖ്യാതിഥിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മസ്‌കത്തിലെത്തിയത്. ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച ഐ സി എഫ് വേദിയിലെത്തുന്ന മുഖ്യമന്ത്രിയെ കാണാനും അഭിവാദ്യങ്ങളര്‍പ്പിക്കുവാനും ഒമാന്റെ വിദൂര മേഖലകളില്‍ നിന്നുള്‍പ്പടെ പ്രവാസി മലയാളികളുടെ മഹാസാഗരത്തിന് ആമിറാത്ത് പാര്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

23, 24, 25 എന്നീ മൂന്നു ദിവസങ്ങളിലായാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ നടക്കുന്നത്.
നവോഥാന സാംസ്‌കാരിക നായകര്‍, സ്വാതന്ത്ര്യ സമരസേനാനികള്‍, കേരളത്തിലെ വ്യത്യസ്തങ്ങളായ തനത് സാംസ്‌കാരിക ബിംബങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, കലശംകാവടി തുടങ്ങി കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ പങ്കെടുക്കുന്ന വമ്പിച്ച ഘോഷയാത്രയുടെ അകമ്പടിയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുകയെന്ന് സംഘാടക സമിതി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്ജ് പറഞ്ഞു.

മസ്‌കത്തിലെ ഭക്ഷണ ശാലകള്‍, ചെറുകിട വസ്ത്ര വ്യപാര ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇതിനകം മുഖ്യമന്ത്രിക്ക് ഒമാനിലേക്ക് സ്വാഗതമാശംസിച്ചു കൊണ്ടുള്ള കട്ടൗട്ടുകളും റോളപ്പുകളും ഉയര്‍ന്നു കഴിഞ്ഞു. ഒമാനിലെ പരിമിതമായ സാഹചര്യങ്ങളില്‍, നിലവിലെ നിയമസംവിധാനങ്ങളെ മാനിച്ചു കൊണ്ടു തന്നെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അവര്‍ പറയുന്നു.

- Advertisement -
Ad image

കോഫീ ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, തുന്നല്‍ക്കടകള്‍ തുടങ്ങി റൂവി ഹൈസ്ട്രീറ്റിലും പരിസര പ്രദേശങ്ങളിലുമുള്ള ചില്ലറ വ്യാപാര കേന്ദ്രങ്ങള്‍ വഴി ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവെലിന്റെ ഭാഗമായ അറിയിപ്പുകള്‍ കൈമാറുന്നുണ്ട്.

ബൗഷര്‍, അസൈബ, സീബ് മേഖലകളിലും സുഹാര്‍, സൂര്‍, ഇബ്ര, ഇബ്രി, നിസ്വ തുടങ്ങിയ വിദൂര വിലായത്തുകളിലും കേരളത്തിന്റെ വികസന നായകനെ വരവേല്‍ക്കാന്‍ തങ്ങളുടേതായ ഒരുക്കങ്ങളിലാണ് മലയാളി പ്രവാസി സമൂഹം. സാമൂഹിക മാധ്യമങ്ങളിലും ‘വെല്‍ക്കം ക്യാപ്റ്റന്‍ ടു സുല്‍ത്താനേറ്റ്’, ‘വെല്‍ക്കം സി എം ടു മസ്‌കത്ത്’ തുടങ്ങിയ ക്യാമ്പയിനുകള്‍ സജീവമാണ്.

ഫെസ്റ്റിവല്‍ പ്രചാരണങ്ങളുടെ ഭാഗമായി ഐ സി എഫ് സാമൂഹിക മാധ്യമ വിഭാഗം ‘റീല്‍സ്’ മത്സരം സംഘടിപ്പിച്ചിരുന്നു. ആവേശകരമായ പങ്കാളിത്തമാണ് മത്സരത്തിനുണ്ടാകുന്നതെന്നും ജനകീയ മുഖ്യമന്ത്രി, തുടര്‍ഭരണ നായകന്‍, വികസന വിജ്ഞാന ആരോഗ്യ ക്ഷേമസുസ്ഥിര സുരക്ഷിത മതനിരപേക്ഷ ബഹുസ്വര കേരളത്തിന്റെ ക്യാപറ്റന്‍ തുടങ്ങിയ നിലകളില്‍ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവതരിപ്പിച്ചു കൊണ്ടുള്ള റീലുകളാണ് തങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം ഒമാനിലെ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, ലോകകേരളസഭ പ്രതിനിധികള്‍, മലയാളം മിഷന്‍ ഒമാന്‍ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കുന്ന ഒന്നായിരിക്കുമെന്ന് ഐ സി എഫ് സംഘാടകര്‍ പറഞ്ഞു. വിവിധ വികസന സൂചികകളില്‍ തുടര്‍ച്ചയായി കേരളത്തെ ഇന്ത്യയിലെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കി നിലനിര്‍ത്തുന്ന സംസ്ഥാന ഭരണത്തലവന്‍ എന്ന നിലയില്‍, മലയാളികള്‍ക്ക് പുറമേ മസ്‌ക്കറ്റിലെ പ്രവാസി സമൂഹത്തില്‍ നിന്നുള്ള സഹോദര ഭാഷാ പ്രദേശങ്ങളില്‍ നിന്നുള്ളവരുടെയും വലുതായ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ സംഘാടക സമിതി അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് 7.30ന് സലാലയില്‍ ഐ എസ് സി കേരള വിംഗ് സംഘടിപ്പിക്കുന്ന പ്രവാസോത്സവത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇത്തിഹാദ് മൈതാനിയിലാണ് പരിപാടി.

Share This Article
Leave a Comment
error: Content is protected !!