
തുലാവര്‍ഷം പോലെയാണ്
ചില പെണ്ണുങ്ങള്‍
ഗൃഹാതുരത്വത്തിന്റെ
നനുത്ത സ്മരണകളുണര്‍ത്തി
രാത്രി കാലങ്ങളില്‍
പെയ്തുകൊണ്ടേയിരിക്കും
എന്നാല്‍,
ഉള്ളം കത്തുന്ന നട്ടുച്ചകളില്‍
കനത്തമുഖവൂമായി
ആകാശത്ത് പെയ്യാതെ നില്‍ക്കും.

ചില പെണ്ണുങ്ങള്‍
മാംഗോ ഷവര്‍ മഴപോലെ
തപിച്ചു കിടക്കുന്ന മണ്ണിലേക്ക്
ആത്മഹര്‍ഷത്തോടെ
പെയ്യാന്‍ തുടങ്ങും
എന്നാല്‍,
പെട്ടെന്നൊരുന്നേരം
മിണ്ടാതെ പറയാതെ
ദാവണി തുമ്പില്‍ വെയില്‍ പടര്‍ത്തി
പിണങ്ങി പൊയ്ക്കളയും

ചില പെണ്ണുങ്ങള്‍
ഹൃദയതന്ത്രികളിലേക്ക് ചാഞ്ഞുപെയ്യും
പെയ്തു പെയ്ത്
അപശ്രുതി തുടങ്ങും മുന്‍പേ
കാറ്റിന്റെ കയ്യും പിടിച്ച്
എങ്ങോട്ടോ യാത്രയാകും
ചില പെണ്ണുങ്ങള്‍
ഒട്ടിന്‍ പുറത്തെ മഴപോലെ
ചരല്‍ താളത്തില്‍ ഹൃദയത്തില്‍ പെയ്യും
ഒടുവില്‍ മഴതോരുന്നേരം
ഹൃദയം വല്ലാതെ
കല്ലിച്ചിരിക്കും
പിന്നെയും ചില പെണ്ണുങ്ങളുണ്ട്
ധനുമാസ നിലാവുപോലെ ഹൃദയത്തിലേക്ക്
പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നവര്‍

