മലയാളി ഉദ്യോഗാര്‍ഥികളുടെ അച്ചടക്കം ശ്ലാഘനീയമെന്ന് ആര്‍മി റിക്രൂട്ടിംഗ് ബാംഗ്ലൂര്‍ സോണ്‍ എ ഡി ജി മേജര്‍ ജനറല്‍ പി രമേശ്

Web Desk
2 Min Read

കോഴിക്കോട്: സൈന്യത്തിലേക്ക് വരുന്ന മലയാളികളായ ഉദ്യോഗാര്‍ഥികള്‍ ഏറെ അച്ചടക്കമുള്ളവരും സൈന്യത്തോട് താല്‍പര്യമുള്ളവരുമാണെന്ന് മിലിട്ടറി ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് സോണ്‍ എ ഡി ജി മേജര്‍ ജനറല്‍ പി രമേശ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന
അഗ്നിപഥ് പദ്ധതിയിലെ കേരളത്തിലെ ആദ്യ റിക്രൂട്ട്‌മെന്റ് റാലിക്കെത്തിയതായിരുന്നു എ ഡി ജി.

city exchange

പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായുള്ള, കഴിഞ്ഞ ഒന്നിന് തുടങ്ങിയ റാലി നടക്കുന്ന ഈസ്റ്റ്ഹില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ഏറെ വിവാദമുണ്ടാക്കിയ അഗ്നിപഥ് പ്രായോഗിക തലത്തിലേക്ക് വരുമ്പോള്‍ കേരളത്തിലെ ആദ്യത്തെ റിക്രൂട്ട്‌മെന്റ് റാലിയെക്കുറിച്ചും മറ്റും മനസ്സ് തുറക്കുകയാണദ്ദേഹം.

? ഏഴുദിവസം പിന്നിടുന്ന റിക്രൂട്ട്‌മെന്റ് റാലിയെക്കുറിച്ച്?
= കേരളത്തില്‍ നിന്ന് നല്ല പ്രതികരണമാണ് ഈ റിക്രൂട്ട്‌മെന്റ് റാലിക്ക് ലഭിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമായി ഏകദേശം 54000 ആളുകളാണ് അപേക്ഷിച്ചത്. ഇതില്‍ കോഴിക്കോട് 28,741 പേരും തിരുവനന്തപുരം റിജ്യണലില്‍ 25,367 പേരുമാണ് അപേക്ഷ നലകിയത്. കോഴിക്കോട്ടെ റിക്രൂട്ട്‌മെന്റ് റാലി ഒരാഴ്ച പിന്നിടുമ്പോള്‍ 70 ശതമാനത്തിലധികം ആളുകള്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഏറെ സുതാര്യതയോടെ കാര്യങ്ങള്‍ നടത്തുവാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.
ഇന്ത്യയിലെ മൂന്നാമത്തെ അഗ്നിപഥ് റാലിയാണിത്.

- Advertisement -
Ad image

? കേരളത്തിലെ മറ്റു ജില്ലകളിലെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് എന്നായിരിക്കും നടക്കുക?
= ബാംഗ്ലൂര്‍ സോണല്‍ റിക്രൂട്ട്‌മെന്റ് ഓഫീസിന് കീഴിലെ കോഴിക്കോട് എ ആര്‍ ഒയാണ് ഈ റാലി നടത്തിയത്. നവംബര്‍ അവസാനത്തില്‍ തിരുവനന്തപുരം എ ആര്‍ ഒ കൊല്ലത്ത് റാലി നടത്തുന്നുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള അടുത്ത ഏഴ് ജില്ലകളിലെ റിക്രൂട്ട്‌മെന്റ് റാലി അവിടെ വെച്ചാണ് നടക്കുക. കൂടാതെ നഴ്‌സിംഗ് അസിസ്റ്റന്റ്, റിലീജ്യസ് ടീച്ചര്‍ പോലുള്ള കേരളത്തില്‍ നിന്നുള്ളവര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് റാലിയും കൊല്ലത്തു തന്നെ നടക്കും.

? കേരളത്തിലെ ആദ്യത്തെ റാലി എന്ന നിലക്ക് ഇതുവരെ നടന്നതിനെക്കുറിച്ചുള്ള വിലയിരുത്തലെന്താണ്?
= മെഡിക്കല്‍ ഫിറ്റ് ആയ 705 പേരെ ഇതുവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞു. 624 പേരെ മെഡിക്കല്‍ റീകോളിംഗിനായി കൊച്ചി നേവല്‍ ബേസിലെ മൃതസഞ്ജീവനി ആശുപത്രിയിലേക്കയച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് ഫിറ്റായി കണ്ടെത്തുന്ന ഏതാനും പേരെ കൂടി ഷോര്‍ട്ട് ലിസ്റ്റിലേക്ക് കൊണ്ടുവരും. ഇവര്‍ക്കായി 2023 ജനുവരിയില്‍ എഴുത്തു പരീക്ഷ നടത്തും. അതില്‍ കൂടി മികവ് പുലര്‍ത്തുന്നവരെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാലുടനെ അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടി പരിശീലനത്തിനയക്കും.

? കേരളത്തില്‍ നിന്ന് ധാരാളം വനിതകള്‍ അപേക്ഷിച്ചിട്ടുണ്ടെന്നറിയുന്നു?
= കേരളം, മാഹി, ലക്ഷദ്വീപ് അടക്കമുള്ളിടങ്ങളില്‍ നിന്ന് 10,960 വനിതകളാണ് അഗ്നിപഥിലേക്ക് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ക്കായി നവംബര്‍ 1, 2, 3 തിയ്യതികളില്‍ ബാംഗ്ലൂരില്‍ റിക്രൂട്ട്‌മെന്റ് റാലി നടക്കും.

? അഗ്നിപഥിനു നേരെ ഏറെ പ്രതിഷേധമുണ്ടായതാണല്ലോ. അത് അപേക്ഷയില്‍ പ്രതിഫലിച്ചിട്ടുണ്ടോ?
= അങ്ങനെ തോന്നുന്നില്ല. രണ്ട് കൊല്ലമായി കോവിഡ് കാരണം റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല. അതുകൊണ്ട് മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. എങ്കിലും വനിതകളില്‍ നിന്നടക്കം നല്ല പ്രതികരണമാണ്.

? അഗ്നിപഥിനെതിരെ പ്രതിഷേധിച്ചവരെ പരിഗണിക്കില്ലെന്ന് മുന്‍പ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു?
= നോട്ടിഫിക്കേഷന്‍ സമയത്ത് തന്നെ നമ്മള്‍ അഗ്നിപഥിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്ന സത്യപ്രസ്താവന ഉദ്യോഗാര്‍ഥിയോട് വാങ്ങുന്നുണ്ട്. ഇവരെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ഇത്തരം കേസുകളില്‍പ്പെട്ടിട്ടില്ലെന്ന ക്ലിയറന്‍സ് കിട്ടിയാലേ അവരെ അന്തിമമായി തെരഞ്ഞെടുക്കുകയുള്ളൂ.

Share This Article
Leave a Comment
error: Content is protected !!