Connect with us

Featured

ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം; ഇസ്ലാമിക വിരുദ്ധനെ കുറിച്ച് ജര്‍മനിക്ക് സൗദി അറേബ്യ നേരത്തെ മുന്നറിയിപ്പ് നല്‍കി

Published

on


റിയാദ്: ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്‌ലാമിക വിരുദ്ധനായ ജര്‍മനിയില്‍ താമസിക്കുന്ന സൗദി അറേബ്യന്‍ പൗരനെ കുറിച്ച് നേരത്തെ തന്നെ സൗദി അറേബ്യ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. താലിബ് എ എന്ന ഭാഗികമായ പേര് പുറത്തുവിട്ട അക്രമകാരിയുടെ സ്വകാര്യ എക്സ് അക്കൗണ്ടില്‍ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തില്‍ തീവ്രവാദി വീക്ഷണങ്ങള്‍ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൗദി അറേബ്യ ജര്‍മ്മന്‍ അധികൃതര്‍ക്ക് ആക്രമണകാരിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതെന്നാണ് വിവരം. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്.

ജര്‍മ്മനിയിലെ കിഴക്കന്‍ നഗരമായ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്കാണ് ഒരാള്‍ കാര്‍ ഓടിച്ചു കയറ്റിയത് വെള്ളിയാഴ്ചയാണ്. 50കാരനായ സൗദി പൗരനാണ് ഇയാളെങ്കിലും 2006 മുതല്‍ ജര്‍മനിയിലാണ് താമസിക്കുന്നത്. സംഭവത്തില്‍ ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഫാര്‍ റൈറ്റ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) പാര്‍ട്ടിയോട് അനുഭാവം പ്രകടിപ്പിക്കുന്നയാളാണ് താലിബ് എയെന്ന് പ്രാദേശിക മാസികയായ ഡെര്‍ സ്പീഗല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ആക്രമണകാരിയെന്ന് സംശയിക്കുന്ന താലിബുമായി തങ്ങള്‍ 2019ല്‍ അഭിമുഖം നടത്തിയതായും ഇയാള്‍ ഇസ്‌ലാം വിരുദ്ധനാണെന്നും ജര്‍മ്മനിയിലെ ഫാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. തന്നെപ്പോലെ ഇസ്‌ലാമിക പശ്ചാത്തലമുള്ളവരും എന്നാല്‍ ഇപ്പോള്‍ വിശ്വാസികളല്ലാത്തവരുമായവരെ ഇവിടെയുള്ള മുസ്ലിംകള്‍ മനസ്സിലാക്കുകയോ സഹിഷ്ണുത കാണിക്കുകയോ ചെയ്യുന്നില്ലെന്നും ചരിത്രം രേഖപ്പെടുത്തിയാല്‍ ഇസ്‌ലാമിന്റെ ഏറ്റവും ആക്രമണാത്മക വിമര്‍ശകനാണ് താനെന്നും അക്കാര്യത്തില്‍ വിശ്വാസം വരുന്നില്ലെങ്കില്‍ അറബികളോട് അന്വേഷിക്കാനും അയാള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ആക്രമണം നടത്തിയ താലിബ് എയെ ജര്‍മ്മന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സൈക്യാട്രി ഡോക്ടറാണ് താലിബിനെ കൈമാറാന്‍ സൗദി അറേബ്യ അഭ്യര്‍ഥിച്ചെങ്കിലും ജര്‍മ്മനി പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച ജര്‍മ്മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന ഗുരുതരമായ ആക്രമണത്തെ സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ‘അക്രമത്തെ നിരാകരിക്കുന്നതില്‍ സൗദി അറേബ്യ ശക്തമായി രംഗത്തുണ്ടാകുമെന്നും മരിച്ചവരുടെ കുടുംബങ്ങളോടും ജര്‍മ്മനിയോടും ഗവണ്‍മെന്റിനോടും ജനങ്ങളോടും സഹതാപവും ആത്മാര്‍ഥമായ അനുശോചനവും പ്രകടിപ്പിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും’ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.


error: Content is protected !!