

തിരുവനന്തപുരം: ജനങ്ങള്‍ സര്‍ക്കാറിനെ വിലയിരുത്തുമ്പോള്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശീലനം പൂര്‍ത്തിയാക്കിയ പുതിയ പൊലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ജനപക്ഷത്തു നിന്നാണ് പൊലീസ് പ്രവര്‍ത്തനം നടത്തേണ്ടത്. പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്നവരിലൊന്ന് പൊലീസ് സേനയാണ്. അതുകൊണ്ടുതന്നെ സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടു കൂടിയാണെന്നും പിണറായി ഓര്‍മിപ്പിച്ചു.

സംസ്ഥാനം രണ്ടാംഘട്ടം വികസനത്തിലേക്ക് കുതിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പുതിയ പൊലീസുകാരോടു പറഞ്ഞു. സമാധാനപരവും മതനിരപേക്ഷവുമായ അന്തരീക്ഷത്തില്‍ മാത്രമേ നവകേരളം യാഥാര്‍ഥ്യമാക്കാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ ഉറപ്പുവരുത്തുന്നതിന് പൊലീസിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഡി ജി പി മുതല്‍ എസ് എച്ച് ഒ വരെയുള്ളവരുടെ വിപുലമായ യോഗം അടുത്ത ഞായറാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പൊലീസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാതലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

