
കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് കൊച്ചി- ലണ്ടന്‍ വിമാന സര്‍വിസ് റദ്ദാക്കി. ഇന്ന് ഉച്ചക്ക് 1.20ന് നെടുമ്പാശേരിയില്‍നിന്ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനമാണ് തകരാറിലായത്. പുറപ്പെടുന്നതിന് മുമ്പായി എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. പകരം സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാര്‍ ബഹളംവെച്ചു. 200ഓളം യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. ഇവരെ ഹോട്ടലുകളിലേക്ക് മാറ്റും. എന്‍ജിന്‍ തകരാര്‍ പരിഹരിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ സര്‍വിസ് ആരംഭിച്ചത്. 10 മണിക്കൂറാണ് കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് നേരിട്ട് പറക്കാനുള്ള സമയം. ബുധനാഴ്ച പുലര്‍ച്ച 3.18ന് ഹീത്രുവില്‍നിന്ന് എത്തിയ വിമാനത്തില്‍ 221 യാത്രക്കാരുണ്ടായിരുന്നു. രാവിലെ 5.57ന് 232 യാത്രക്കാരുമായി മടങ്ങി.ഇന്ന് മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വിസാണ് നിശ്ചയിച്ചിരുന്നത്. ഞായര്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വിസ്.
