
കൊച്ചി: സാമൂഹിക യാഥാര്‍ഥ്യങ്ങളെ ദൃശ്യവത്ക്കരിക്കുന്നതില്‍ ശ്രദ്ധേയമായ ചുവടുവെയ്പുമായി നിഴല്‍ വ്യാപാരികള്‍ സിനിമ എത്തുന്നു. ഷാജു വാലപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിന്റെ കയ്‌പേറിയ അനുഭവങ്ങളെ ദലിത് യുവാവായ സതീശന്റെ ജീവിതത്തിലൂടെയാണ് വരച്ചുകാട്ടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായ സതീശന്‍ കഠിനാധ്വാനവും ലക്ഷ്യബോധവും കൈമുതലാക്കി ഉന്നതമായ സര്‍ക്കാര്‍ ജോലിയില്‍ എത്തുന്നു. എന്നാല്‍ നിര്‍മല ഹൃദയനായ സതീശന് തന്റെ ജാതിയുടെ പേരില്‍ സമൂഹത്തില്‍ നിന്ന് കടുത്ത വിവേചനം നേരിടേണ്ടി വരുന്നതിന്റെ നേര്‍ക്കാഴ്ചയാണ് നിഴല്‍ വ്യാപാരികള്‍ എന്ന സിനിമ. വ്യക്തിപരമായ നേട്ടങ്ങളും സ്വഭാവശുദ്ധിയും ഉണ്ടായിട്ടും ഒരു വ്യക്തിയുടെ ജാതി എങ്ങനെ അവരെ വേട്ടയാടുന്നുവെന്നും അത് അവരുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമാകുന്നുവെന്നും ചിത്രം വ്യക്തമാക്കുന്നു. കേരളീയ സമൂഹത്തില്‍ ജാതി വിവേചനം ഇപ്പോഴുമുണ്ടെന്ന് സിനിമ വരച്ചു കാട്ടുന്നു.

ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും സഹോദരനും അയ്യപ്പനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്നുകയറിയ വഴികളില്‍ നിന്ന് മലയാളിക്ക് ഇന്ന് അധികദൂരമൊന്നും മുന്നോട്ടു പോകാനായില്ലെന്ന് നിഴല്‍ വ്യാപാരികള്‍ അടിയവരയിടുന്നു. ജാതിയുടെ നിഴലുകള്‍ സമൂഹത്തില്‍ നിലനില്‍ക്കുകയും യഥാര്‍ഥ സാമൂഹിക വിമോചനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിന്റെ ശക്തമായ ഓര്‍മപ്പെടുത്തലാണ് നിഴല്‍ വ്യാപാരികള്‍.
ഷാജു വാലപ്പന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സിദ്ദീഖ് പറവൂരാണ് എഴുതിയത്. ജലീല്‍ ബാദുഷയാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. കെ എം ശൈലേഷ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു.
റഷീദ് മുഹമ്മദും പ്രസിന്‍ കെ പോണത്തും അസോസിയേറ്റ് ഡയറക്ടര്‍മാരും ഷാജിക്ക ഷാജി പ്രൊഡക്ഷന്‍ കണ്‍ട്രോളരും സിദ്ദീഖ് കാക്കുവും ഗീതുവും സഹസംവിധായകരുമാണ്. ജസീന കായംകുളം മേക്കപ്പും ജയന്‍ കോട്ടക്കല്‍, താഹ കണ്ണൂര്‍, ഗിരീഷ് തൃശൂര്‍ എന്നിവര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.
ലിന്‍സി ഷാജു വാലപ്പന്‍, നോയല്‍ ഷാജു വാലപ്പന്‍, നോവ ഷാജു വാലപ്പന്‍, നേഹ ഷാജു വാലപ്പന്‍, ജോസ് മാമ്പിള്ളി, ബേബി ചാതേലി ആളൂര്‍, അഡ്വ. പാപ്പച്ചന്‍ വാഴപ്പിള്ളി, ഷഹാന, അജ്നാസ് വെസ്റ്റ് കൊരട്ടി, ചന്ദ്രബോസ്, ഇഹ്ലാസ് റഹ്മാന്‍, ബിബിന്‍ കൊടുങ്ങല്ലൂര്‍, നിഖില പി സോമന്‍ എന്നിവരും ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പി ആര്‍ ഒ ആയി നിരവധി വര്‍ഷങ്ങള്‍ സിനിമാ രംഗത്തുള്ള ഷെജിന്‍ ആലപ്പുഴയാണ് ചിത്രത്തിലെ നായകന്‍. ഡോ. അനശ്വര നായികയായി എത്തുന്നു. നിര്‍മാതാവ് കൂടിയായ ഷാജു വാലപ്പന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അലു കൊടുങ്ങല്ലൂര്‍, ജോസ് മാമ്പിള്ളി, ഷാന്‍ കല്ലേറ്റുംകര, ഹബീബ്, നസീമ, കെ പി സത്യന്‍, മൊയ്തീന്‍ മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍, ബാലചന്ദ്രന്‍ രാധപുരം, സുധി മാഷ്, പി കെ ബിജു, വിപിന്‍ദാസ്, സിദ്ദീഖ് കാക്കു, ജെസീന കായംകുളം, മിഥില റോസ്, ഷെഫീഖ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.

