

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയന്ത്രങ്ങള്‍ ശനിയാഴ്ച മുതലാണ് ലഘൂകരിക്കുക. കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

അനുവദനീയമായ എണ്ണം ആളുകളെ വാഹനങ്ങളിലും പൊതു- സ്വകാര്യ സ്ഥലങ്ങളിലും ശനിയാഴ്ച മുതല്‍ അനുവദിക്കും. ഇത്തരം സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തി. എന്നാല്‍ അടച്ച സ്ഥലങ്ങളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കിയവരായിരിക്കണം. അല്ലെങ്കില്‍ കോവിഡ് രോഗമുക്തരായവരോ ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് വാക്‌സിനെടുക്കാത്തവരോ ആണെങ്കില്‍ അധികൃതരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരിക്കണം.

പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയതിന് ശേഷം ശേഷിയുടെ 20 ശതമാനത്തില്‍ കൂടാത്ത അളവില്‍ കോവിഡ് വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തതോ സ്വീകരിക്കാത്തതോ ആയ എല്ലാ ആളുകള്‍ക്കും ജിമ്മുകള്‍, വിവാഹങ്ങള്‍, കായിക പരിപാടികള്‍, സമ്മേളനങ്ങള്‍, എക്‌സിബിഷനുകള്‍, മറ്റു പരിപാടികള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്കുകള്‍, തിയേറ്ററുകള്‍, സിനിമാശാലകള്‍ എന്നിവ സന്ദര്‍ശിക്കാവുന്നതാണ്. ഇന്‍ഡോര്‍ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പാണ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടത്.
ഏതെങ്കിലും സമ്മേളനങ്ങളോ എക്‌സിബിഷനുകളോ നടത്തുന്നവര്‍ പൊതുജനാരോഗ്യ മന്ത്രലായം നിശ്ചയിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും തങ്ങളുടെ ജോലികള്‍ ഓഫിസിലെത്തി നിര്‍വഹിക്കാവുന്നതാണ്. ഇന്‍ഡോര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതില്‍ നിലവില്‍ ഇളവുകളില്ല. എന്നാല്‍ തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധം പിടിക്കേണ്ടതില്ല. പക്ഷേ, തുറസ്സായ സ്ഥലങ്ങളിലാണെങ്കിലും ഉപഭോക്താക്കളുമായി ആശയവിനിമയം ചെയ്യേണ്ട ജോലിയുള്ളവര്‍ ജോലി കാലയളവില്‍ മാസ്‌ക് ധരിച്ചിരിക്കണം.
താമസ സ്ഥലങ്ങൡ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇഹ്തിറാസ് ആപ്പ് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

