

കൊച്ചി: എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 137-ാമത് ജന്മദിന സമ്മേളനം നടത്തി. കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ്സിന്റെ തുടക്കം മുതല്‍ നിരവധി കയറ്റിറക്കങ്ങള്‍ കണ്ടിട്ടുള്ള കോണ്‍ഗ്രസിന് വീഴ്ചകളുടെ ആഘാതങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റ് നടന്ന ചരിത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തിന് പുറത്ത് നിന്നപ്പോളും രാജ്യത്തെ മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസാണെന്നുള്ളത് ബി ജെ പിക്കെതിരെയുള്ള ജനാധിപത്യ ചേരിയുടെ കേന്ദ്രീകരികരണം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാത്രമേ സാധിക്കൂ എന്നതിന്റെ സൂചനയാണെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുന്ന മോഡി സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് കേരളത്തില്‍ പിണറായി സര്‍ക്കാരിന്റേതുമെന്നും ആര്‍ എസ് എസ്സിനും സി പി എമ്മിനും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് പിണറായി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.

രാജ്യത്തെ പ്രധാന പ്രതിപക്ഷം കോണ്‍ഗ്രസാണ്. രാജ്യത്ത് സി പി എമ്മിന് നിവര്‍ന്ന് നില്‍ക്കാന്‍ കോണ്‍ഗ്രസിന്റ താങ്ങ് വേണം. കേരളത്തിന് പുറത്ത് ഒരടി മുന്നോട്ട് വെക്കാന്‍ കഴിയാത്ത സി പി എം ആണ് രാജ്യത്ത് ബി ജെ പിയെ നേരിടുമെന്ന് പറയുന്നത്. ഇവിടത്തെ സി പി എം പകല്‍ ബി ജെ പിയുടെ ശത്രുവും രാത്രി മിത്രവുമാണ്. കെജരിവാള്‍ മുതല്‍ പിണറായി വരെ ബി ജെ പിയുടെ ബി ടീമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
ബി ജെ പി സര്‍ക്കാരുകളുടെ നിഴലില്‍ ദലിത് സ്ത്രീ വിരുദ്ധ വേട്ട നടത്തുന്ന സംഘപരിവാറിന്റെ അതേ ലാഘവത്തോടെയാണ് സി പി എമ്മും തുടര്‍ ഭരണത്തിന്റെ അഹങ്കാരത്തില്‍ കേരളത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ നേരിടുന്നത്. അതിനുത്തമ ഉദാഹരണമാണ് കെ റെയിലിന്റെ പേരില്‍ നടത്തുന്ന നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കലെന്നും അതിനെതിരെ പൊതുജനത്തെ അണിനിരത്തി അതിശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
ജന്മദിന സമ്മേളനത്തില്‍ ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ്, എഐ സി സി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്‍, ഹൈബി ഈഡന്‍ എം പി, എം എല്‍ എമാരായ കെ ബാബു, ടി ജെ വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, യു ഡി എഫ് ചെയര്‍മാന്‍ ഡോമനിക് പ്രസന്റേഷന്‍,കെ പി സി സി വൈസ് പ്രസിഡന്റ്വി ജെ പൗലോസ്, വി പി സജീന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ്, സെക്രട്ടറി ഐ കെ രാജു, കെ പി സി സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ പി ധനപാലന്‍, പി ജെ ജോയി, ജെയ്‌സണ്‍ ജോസഫ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബെ മേത്തര്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ രാജു പി നായര്‍, കെ ആര്‍ പ്രദീപ്കുമാര്‍, കെ വി പോള്‍, അബ്ദുല്‍ ലത്തീഫ്, ജോസഫ് ആന്റണി, ലിനോ ജേക്കബ്, പി ബി സുനീര്‍, സേവ്യര്‍ തായങ്കരി, സുജിത് പോള്‍, കെ കെ ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

