കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വേങ്ങൂര്‍- നായത്തോട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണം

Web Desk
1 Min Read

ആലുവ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വടക്കന്‍ ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ അങ്കമാലിയില്‍ നിന്നും എത്തിച്ചേരാന്‍ സാധിക്കുന്ന വേങ്ങൂര്‍- നായത്തോട് റോഡിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എം പി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

city exchange

കൊച്ചി വിമാനത്താവളത്തിലേക്ക് അങ്കമാലി എം സി റോഡില്‍ നിന്നും ആരംഭിക്കുന്ന ഏകദേശം നാലു കിലോമീറ്റര്‍ മാത്രം ദൂരമുള്ള വേങ്ങൂര്‍- നായത്തോട് റോഡ് കാലാനുസൃതമായി വികസിപ്പിക്കുന്നതിന് 2004 മുതല്‍ പദ്ധതികള്‍ രൂപീകരിച്ചു വരുന്നതാണ്. വിവിധ കാരണങ്ങളാല്‍ ഈ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് എം പി സൂചിപ്പിച്ചു.

വിമാനത്താവളത്തിലേക്ക് ആകെ നാലു കിലോമീറ്റര്‍ മാത്രം ദൂരമുള്ള പ്രസ്തുത റോഡിന്റെ ഒന്നര കിലോമീറ്റര്‍ റോഡിനു മാത്രമേ ഇതുവരെ സ്ഥലം ഏറ്റെടുത്തിട്ടുള്ളൂ. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. 20 വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്രയും പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയും ഏറ്റവും അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയെയും ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട റോഡ് കൂടിയാണിത്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വേങ്ങൂര്‍- നായത്തോട് റോഡിന്റെ പ്രത്യേക പ്രാധാന്യം കണക്കിലെടുത്ത് രണ്ടാം ഘട്ട സ്ഥലം ഏറ്റെടുക്കലും നിര്‍മ്മാണവും സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ബെന്നി ബെഹനാന്‍ എം പി മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!