

ബീജിങ്: കോവിഡ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ചാങ്ചുന്‍ നഗരത്തിലെ ഒന്‍പത് ദശലക്ഷം പേര്‍ക്ക് ചൈന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വടക്കു കിഴക്കന്‍ നഗരത്തില്‍ നിന്ന് രണ്ട് പുതിയ കേസുകളുണ്ടായതോടെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

കോവിഡിനോടുള്ള ചൈനയുടെ സീറോ ടോളറന്‍സ് സമീപനം അനുസരിച്ച് ഒന്നോ അതിലധികമോ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏതു പ്രദേശത്തും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ചാങ്ചുന്‍ നഗരത്തിലുള്ളവരോടെല്ലാം മൂന്ന് കോവിഡ് പരിശോധനകള്‍ നടത്താനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല രോഗബാധിതരുടെ എണ്ണം ഇല്ലാതാകുന്നതുവരെ അനിവാര്യമല്ലാത്ത യാത്രകളും ബിസിനസുകളും നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച ചൈനയില്‍ ആകെ 397 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ 98 എണ്ണം ചാങ്ചുനിന് സമീപത്തെ ജിലിന്‍ പ്രവിശ്യയില്‍ നിന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രകാരം ആളുകള്‍ വീട്ടില്‍ തന്നെ തുടരേണ്ടതുണ്ട്. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വാങ്ങാന്‍ കുടുംബത്തിലെ ഒരു അംഗത്തിന് രണ്ടു ദിവസത്തിലൊരിക്കല്‍ മാത്രമാണ് പുറത്തിറങ്ങാന്‍ അനുവാദമുള്ളത്.

