
കോഴിക്കോട്: പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തില്‍ മുഖ്യമന്ത്രി വാ തുറക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എം എല്‍ എ. സി പി എമ്മാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയെന്നും മുനീര്‍ കുറ്റപ്പെടുത്തി. കാമ്പസുകളില്‍ തീവ്രവാദം വളര്‍ത്തുന്നുന്നുണ്ടെന്നാണ് സി പി എം പറയുന്നത്. ഏതു കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണം. അങ്ങനെ ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗുമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ്, തീവ്രവാദം എന്നീ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും എം കെ മുനീര്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലസ് വണ്‍ സീറ്റ് പ്രശ്‌നത്തില്‍ കേരളത്തിലെ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ രണ്ടു തട്ടിലാക്കുകയാണ്. ചിലയിടങ്ങളില്‍ 70 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിക്കുമ്പോള്‍ ചിലയിടത്ത് 90 ശതമാനത്തിലധികം നേടിയവര്‍ക്കും സീറ്റില്ലെന്ന സ്ഥിതിയാണെന്നും ഇതിനെതിരെ ലീഗ് പോരാട്ടം തുടരുമെന്നും മുനീര്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള സ്ഥാപനങ്ങളില്‍ പോലും ബാച്ച് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഈ രീതി മാറണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. കെ റെയില്‍ പദ്ധതിയ്ക്ക് പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ട്. പദ്ധതിക്ക് നിരവധി ബദല്‍ സാധ്യതകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ പക്ഷേ ഏകപക്ഷീയമായി മുന്നോട്ട് പോകുകയാണെന്നും ആരെയും കേള്‍ക്കാന്‍ പോലും തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും 23നു ചേരുന്ന യു ഡി എഫ് യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ വ്യക്തമാക്കി.

