

തലശ്ശേരി: പുന്നോലില്‍ സി പി എം പ്രവര്‍ത്തകനായ മത്സ്യത്തൊഴിലാളിയെ വെട്ടിക്കൊന്നു. ആര് എസ് എസുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. ജോലി കഴിഞ്ഞ മടങ്ങുന്നതിനിടെ പുലര്‍ച്ചെ പുന്നോല്‍ സ്വദേശി ഹരിദാസനെയാണ് ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. വീട്ടിനു സമീപത്തായിരുന്നു സംഭവം.

ബഹളം കേട്ട് വീട്ടുകാരും ബന്ധുക്കളും ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും ആക്രമികള്‍ ഹരിദാസന്റെ സഹോദരന് സുരനേയും ആക്രമിച്ചു. സുരന് വെട്ടേറ്റ് ആശുപത്രിയിലാണ്.

ശരീരമാസകലം വെട്ടേറ്റ ഹരിദാസന്റെ ഒരു കാല് അറ്റുപോയിട്ടുണ്ട്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഹരിദാസനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.
പുന്നോലില്‍ ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സി പി എം- ബി ജെ പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ ബി ജെ പി കൗണ്‍സിലര്‍ വിജേഷ് പരസ്യമായി പ്രസംഗിച്ചതായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് ആരോപിച്ചു. പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്.
കൊലപാതകത്തെ തുടര്‍ന്ന് തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

