
റിയാദ്: വ്യവസായ സ്ഥാപനങ്ങള്‍ അവയുടെ സാമൂഹിക ഉത്തരവാദിത്ത വിഹിതം (കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി- സി എസ് ആര്) ഫണ്ടുകള്‍ പ്രധാനമായും വിദ്യാഭ്യാസ പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് ഡല്‍ഹിയിലെ ഹ്യൂമണ്‍ റിസോഴ്സ് ഡെവലപ്മെന്റ് ഫൗണ്ടേഷന് (എച്ച് ആര് ഡി എഫ്) ചെയര്മാന് ഡോ. ഹുസൈന് മടവൂര്‍ പറഞ്ഞു. റിയാദില്‍ ആരംഭിച്ച അന്താരാഷ്ട്ര വ്യവസായ സാമൂഹിക ഉത്തരവാദിത്ത സമ്മേളനത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം പ്രമുഖ അറേബ്യന്‍ ചാനല്‍ ആയ എം ബി സിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ ആതിഥേയത്വത്തിലാണ് സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഈ ആഗോള സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ലോകത്തെമ്പാടുമുള്ള വാണിജ്യ വ്യവസായ സ്ഥാപനങ്ങളും സംരംഭകരും ഓരോ വര്‍ഷവും ബില്യന്‍ കണക്കിന് ഡോളറുകളാണ് സി എസ് ആര് വിഹിതമായി ചെലവഴിക്കുന്നത്. എന്നാല്‍ ഇതിലധികവും സമൂഹത്തിന്റെ താത്ക്കാലികാവശ്യങ്ങള്ക്കായാണ് ഉപയോഗപ്പെടുത്തുന്നത്. ഇതില്‍ വലിയൊരു ഭാഗം പാവപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുകയെന്നും അതിനായി പിന്നാക്ക പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ എര്‍പ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി എച്ച് ആര് ഡി എഫ് പ്രധാനമായും ചെയ്യുന്നത് ഉത്തരേന്ത്യയിലെ പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാഭ്യാസ പ്രവത്തനങ്ങളാണെന്നും അദ്ദേഹം വിശദീകരിച്ചു.
മൂവായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ആഗോള സമ്മേളനം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനിയര്‍ അഹമദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹി ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവന ഉത്തരവാദിത്ത വിഹിതം ചെലവഴിക്കുന്നതില്‍ ലോകത്ത് സൗദിയുടെ സ്ഥാനം വളരെ മുമ്പിലാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ടു സൗദിയുടെ സ്ഥാനം നാല്പത്തി ഒന്നില്‍ നിന്ന് പതിനാറിലേക്കുയര്ന്നിട്ടുണ്ടെന്നും ഇത് ശുഭോദര്‍ക്കമാണെന്നും മന്ത്രി പറഞ്ഞു. ഈയൊരു വളര്‍ച്ച സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന വിഷന്‍ 2030ന്റെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

