Connect with us

Entertainment

പ്രായത്തെ മറികടന്ന് ദേവനന്ദിനി കൃഷ്ണയും ജിന്‍സിയും

Published

on


പ്രശസ്ത നടന്‍ കമല്‍ഹാസന്‍ അദ്ദേഹത്തിന്റെ യൗവ്വനകാലത്ത് സിനിമയില്‍ ജ്വലിച്ചു നില്‍ക്കുന്ന സമയത്താണ് ഇന്ത്യന്‍ എന്ന സിനിമയില്‍ പടുവൃദ്ധനായി വേഷമിട്ടത്. കമലിനെ കൂടാതെ പ്രായത്തെ മറികടന്ന് വൃദ്ധവേഷങ്ങളില്‍ അഭിനയിച്ചവരാണ് മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും പൃഥ്വിരാജുമൊക്കെ.

ആശങ്കകളില്ലാതെയായിരുന്നു മേക്കപ്പിന് നേരെയുള്ള ഇവരുടെ സമീപനം. എന്നാല്‍ നടികള്‍ പലരും ഇത്തരത്തില്‍ വെല്ലുവിളി സ്വീകരിക്കാന്‍ മടിയുള്ളവരാണ്. മുടിയിഴയില്‍ ഒരു നാരിന് പോലും നരവീണാല്‍ ഇമേജ് തകര്‍ന്ന് തരിപ്പണമാകുമെന്ന് കരുതി ഭയക്കുന്നവരാണ് മിക്കവരും.

മലയാള സിനിമയില്‍ ഈ സ്ഥിതി തുടരവെ താരതമ്യേന രണ്ട് പുതിയ നടികള്‍ ആദ്യമായി അഭിനയിച്ച സിനിമയില്‍ ഇരട്ടിയോളം പ്രായത്തില്‍ അഭിനയിച്ച അനുഭവമാണുള്ളത്. ജോഷി മാത്യും സംവിധാനം ചെയ്ത നൊമ്പരക്കൂടാണ് ചിത്രം.

നൊമ്പരക്കൂടിലെ രണ്ട് മുഖ്യകഥാപാത്രങ്ങളാണ് എല്‍സമ്മയും ലക്ഷ്മിയും. കേന്ദ്ര കഥാപാത്രമായ കേണല്‍ ഗീവര്‍ഗ്ഗീസ് മാത്തന്റെ ഭാര്യയും കാമുകിയുമാണ് ഈ കഥാപാത്രങ്ങള്‍. ഈ വേഷങ്ങള്‍ക്കു വേണ്ടി സംവിധായകന്‍ പുതുമുഖങ്ങളായ അഭിനേതാക്കളെ അഭിനയിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രായംകൊണ്ടും അഭിനയപരിചയംകൊണ്ടും പുതിയവരെ ആരെയും യഥാസമയം കിട്ടിയിരുന്നില്ല.

എല്‍സമ്മയാകാന്‍ നാടകരംഗത്ത് അനുഭവ സമ്പത്തുള്ള നടി ദേവനന്ദിനി കൃഷ്ണ തയ്യാറായി വന്നെങ്കിലും നന്ദിനിയുടെ ചെറിയ പ്രായം അതിന് തയ്യാറാകുന്നുണ്ടായിരുന്നില്ല. ഗീവര്‍ഗ്ഗീസിന്റെ കാമുകി വേഷം അഭിനയിക്കാനെത്തിയ ജിന്‍സിക്കും ഇത്രയും പ്രായത്തിലുള്ള റോളില്‍ അഭിനയിക്കാന്‍ ഭയമായിരുന്നു.

എന്നാല്‍ ഇവര്‍ രണ്ടുപേരെയും പരീക്ഷണാടിസ്ഥാനത്തില്‍ അഭിനയിപ്പിക്കുന്ന കാര്യം സംവിധായകന്‍ ആലോചിച്ചു.

പ്രശസ്ത മേക്കപ്പ്മാന്‍ പട്ടണം റഷീദിന്റെ ശിഷ്യനായ സുരേഷ് ചമ്മനാടായിരുന്നു നൊമ്പരക്കൂടിന്റെ മേക്കപ്പ് നിര്‍വഹിച്ചത്. സുരേഷുമായി സംവിധായകന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ കഥ ആവശ്യപ്പെടുന്ന തരത്തില്‍ ചെറുപ്പക്കാരികളായ നടികളെ മേക്കപ്പിന്റെ സാധ്യതകള്‍ ഉപയോഗിച്ച് മാറ്റിയെടുക്കാമെന്ന് സുരേഷും വാക്കുകൊടുത്തു.

അങ്ങനെ ദേവനന്ദിനികൃഷ്ണ എല്‍സമ്മയായുയം ജിന്‍സി ലക്ഷ്മിയായും വേഷമിട്ടു. രണ്ടുപേരും അതൊരു വെല്ലുവിളിപോലെ സ്വീകരിക്കുകയായിരുന്നു. ഒരുങ്ങുവരുമ്പോള്‍ ഇത് ശരിയായി വരുമോയെന്നുള്ള ആശങ്ക രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു.

പക്ഷേ, ഫോട്ടോകള്‍ എടുത്തു കാണുകയും അഭിനയിച്ചു തുടങ്ങുകയും ചെയ്തതോടെ ആശങ്കയും ഭയവും കാറ്റില്‍ പറന്നു.

ഏതാനും ഹൃസ്വചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും ജിന്‍സി അഭിനയിച്ചിട്ടുണ്ട്. വളരെ അവിചാരിതമായിട്ടാണ് താന്‍ ഈ സിനിമയിലേക്ക് എത്തിയതും ഈ കഥാപാത്രമാകാനും കഴിഞ്ഞതെന്ന് ജിന്‍സി പറഞ്ഞു. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് താന്‍ ഡയറക്ടര്‍ ജോഷി മാത്യു സാറിനെ കാണാന്‍ പോയതെന്നും മേക്കപ്പ് ടെസ്റ്റ് നടത്തിയ ശേഷം തന്നെ കണ്ടപ്പോള്‍ ഏതാണ്ട് 60 വയസ്സ് പ്രായം തോന്നിയെന്നും ജിന്‍സി പറഞ്ഞു. ആ രൂപത്തില്‍ ്എന്നെ ആദ്യമായി കാണുന്നവര്‍ക്ക് തന്റെ യഥാര്‍ഥ പ്രായം മനസ്സിലാകില്ലെന്നും അത്രത്തോളം മാറ്റമാണ് ഉണ്ടായതെന്നും തന്റെ ഗെറ്റപ്പ് ഇഷ്ടമായ ജോഷി മാത്യു സാര്‍ ആ കഥാപാത്രത്തിലേക്ക് തന്നെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പറഞ്ഞ ജിന്‍സി വളരെ സന്തോഷം തോന്നിയ നിമിഷമെന്നും പറഞ്ഞു.

മറ്റൊരു ഭാഗ്യം കൂടി എനിക്കുണ്ടായി. ഞാനും എന്റെ മോളും കൂടിയാണ് അന്ന് സെറ്റില്‍ പോയത് ഫ്‌ളാഷ് ബാക്കില്‍ എന്റെ ചെറുപ്പകാലം അഭിനയിക്കാന്‍ ഒരാര്‍ട്ടിസ്റ്റിനെ അന്വേഷിക്കുന്ന സമയം കൂടിയായിരുന്നു അപ്പോള്‍. മോളെ കണ്ടപ്പോള്‍ ഡയറക്ടര്‍ സാറിന് ആ മുഖസാമ്യത കൊണ്ട് ഫ്‌ളാഷ്ബാക്കില്‍ വരുന്ന സീനുകളെ മോളെ അഭിനയിപ്പിച്ചാലോ എന്നൊരു ആലോചനയുണ്ടായി. മോളെയും മേക്കപ്പ് ചെയ്തുനോക്കി. മോളും ആ വേഷത്തിന് ഒ കെയായി. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും നൊമ്പരക്കൂട് സിനിമയുടെ ഭാഗമായി മാറി. സിനിമയുടെ പ്രിവ്യൂഷോ കണ്ട പലരും ഞങ്ങളെ തിരിച്ചറിഞ്ഞ് അഭിനന്ദനം അറിയിച്ചപ്പോള്‍ വലിയ സന്തോഷം തോന്നി. ഇനിയും ഇതുപോലെ നല്ല വേഷങ്ങള്‍ കിട്ടിയാല്‍ അഭിനയിക്കാമെന്നുണ്ട്- ജിന്‍സി ചിരിയോടെ പറഞ്ഞു.

നൊമ്പരക്കൂടിലെ 65 വയസ്സുള്ള എല്‍സമ്മ എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നുവെന്നും അഭിനയ സാധ്യതകളെ കുറിച്ച് ജോഷി മാത്യു സാര്‍ വിശദീകരിച്ചു തന്നപ്പോഴാണ് ആദ്യത്തെ സിനിമയാണെങ്കിലും അഭിനയിക്കാമെന്ന് തീരുമാനിച്ചത്. ചട്ടയും മുണ്ടുമൊക്കെയണിഞ്ഞ് തികച്ചും ഒരു അച്ചായത്തി ലുക്കില്‍ ഞാന്‍ പിന്നെ അഭിനയിക്കുകയാണുണ്ടായത്- ദേവനന്ദിനി കൃഷ്ണ അഭിപ്രായപ്പെട്ടു.


error: Content is protected !!