
ദോഹ: ഇന്നുമുതല്‍ അഞ്ചുദിവസം ദോഹയിലെത്തുന്നവര്‍ ശ്രദ്ധിക്കുക. നഗരത്തിലെ പ്രധാന പാതകളിലൊന്നായ കോര്‍ണിഷ് റോഡുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിടുന്നതിനാല്‍ മറ്റു വഴികളിലൂടെയാവും വാഹന ഗതാഗതം. വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍ തുടങ്ങിയ ഗതാഗത ക്രമീകരണങ്ങള്‍ ആഗസ്റ്റ് 10 ചൊവ്വാഴ്ച രാവിലെ അഞ്ചു വരെ തുടരും. ഈ കാലയളവില്‍ നഗരത്തിലെ അനുബന്ധ പാതകളും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗപ്പെടുത്തണമെന്ന് പൊതുമരാമത്ത് മന്ത്രാലയം അശ്ഗാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മെട്രോ സര്‍വിസുകള്‍, ബസ് സര്‍വിസുകള്‍ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. കോര്‍ണിഷിനോട് ചേര്‍ന്നുള്ള അനുബന്ധ പാതകളും ഈ കാലയളവില്‍ അടഞ്ഞുകിടക്കും. അതേസമയം, അടച്ചിട്ട പാതകളിലൂടെ കാല്‍നട അനുവദിക്കുന്നതായിരിക്കും. കോര്‍ണിഷ് സ്ട്രീറ്റില്‍ കാല്‍നടക്കാര്‍ക്കായുള്ള നാല് തുരങ്ക പാതകളുടെ നിര്‍മാണ ആവശ്യാര്‍ഥമാണ് നിലവിലെ ട്രാഫിക് ക്രമീകരണങ്ങള്‍.
