

മനില: വടക്കന്‍ ഫിലിപ്പൈന്‍സില്‍ ശക്തമായ ഭൂകമ്പത്തില്‍ നാല് പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രി അറിയിച്ചു. രണ്ടുപേര്‍ ബെന്‍ഗൂട്ട് പ്രവിശ്യയിലും ഒരാള്‍ അബ്ര പ്രവിശ്യയിലും മറ്റൊരാള്‍ മറ്റൊരു പ്രവിശ്യയിലുമാണ് മരിച്ചത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് 25 വയസ്സുകാരനായ ഒരാള്‍ മരിച്ചതെന്ന് അബ്ര വൈസ് ഗവര്‍ണര്‍ ജോയ് ബെര്‍ണോസ് അറിയിച്ചു. ഡൊളോറസ് ടൗണിന് 11 കിലോമീറ്റര്‍ തെക്കു കിഴക്ക് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ പറയുന്നു.

ഭൂകമ്പ വിവരം അറിഞ്ഞയുടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി പ്രസിഡന്റ് ഫെര്‍ഡിനാന്റ് മാര്‍ക്കോസ് ജൂനിയര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മാര്‍ക്കോസിന്റെ കുടുംബത്തിന് ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള മേഖലയ്ക്ക് സമീപമാണ് ഭൂകമ്പം സംഭവിച്ചത്.

