

ക്വിറ്റോ: ഇക്വഡോറിലെ ജയിലില്‍ വീണ്ടുമുണ്ടായ കലാപത്തില്‍ 68 പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. തെക്കെ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ഗ്വായാക്വില്‍ നഗരത്തിലെ ലിറ്റോറല്‍ ജയിലിലാണ് തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേരത്തേയും ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ടായിരുന്നു.

മെക്സിക്കന്‍ കുറ്റവാളിസംഘങ്ങളായ സിനാലോവ, ജലിസ്‌കോ ന്യൂജനറേഷന്‍ കാര്‍ടെല്‍സ് എന്നിവയുമായി ബന്ധമുള്ള തടവുകാരാണ് ഏറ്റുമുട്ടിയത്.

സെപ്തംബറഇല്‍ ഇതേ ജയിലില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് 116 തടവുകാരാണ് കൊല്ലപ്പെട്ടത്. ഒരു ഗുണ്ടാസംഘത്തിന്റെ നേതാവ് കഴിഞ്ഞ ദിവസം ജയില്‍ മോചിതനായിരുന്നു. ഇയാളുടെ അഭാവം മുതലെടുത്ത് മറ്റു സംഘങ്ങള്‍ ഇവരുടെ മേഖലയിലേക്ക് അതിക്രമിച്ചുകടക്കുകയും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ജയിലില്‍ നിന്നും തോക്കുകളും സ്ഫോടകവസ്തുക്കളും വാളുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ പൊലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.
ജയിലില്‍ പട്ടാളത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ മാഫിയാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പുതിയ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലാസ്സോ പറഞ്ഞു. രാജ്യത്തെ സായുധസേനകളുടെ ശക്തി വര്‍ധിപ്പിക്കാന്‍ യു എസും യൂറോപ്യന്‍ യൂണിയനും അടക്കം പിന്തുണ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്വഡോറിലെ ജയിലുകളില്‍ ഉള്‍ക്കൊള്ളാനാവുന്നതിനേക്കാള്‍ കൂടുതല്‍ തടവുകാരുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ആക്രമണങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇതും കാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

