

ദോഹ: കോവിഡ് വാക്‌സിനെടുത്ത് ആറു മാസം പൂര്‍ത്തിയായവരെല്ലാം കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹത നേടിയവരാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
നേരത്തെ രണ്ടാം ഡോസിന് ശേഷം എട്ടു മാസം കഴിയണമെന്നാണ് വ്യവസ്ഥ ചെയ്തിരുന്നതെങ്കിലും ക്ലിനിക്കല്‍ തെളിവുകളുടെ വെളിച്ചത്തില്‍ സമയം കുറക്കുകയായിരുന്നു. ആദ്യത്തെ രണ്ടു ഡോസുകള്‍ ലഭ്യമാകുന്നതോടെ മിക്ക ആളുകളും പ്രതിരോധ ശേഷി നേടുന്നുണ്ടെങ്കിലും ആറു മാസത്തിന് ശേഷം അതില്‍ കുറവു വന്നു തുടങ്ങുന്നുണ്ട്. അതോടെയാണ് രണ്ടും മൂന്നും ഡോസുകള്‍ക്കിടയിലെ ഇടവേള ആറുമാസമായി കുറക്കാന്‍ തീരുമാനിച്ചത്.

പുതിയ വ്യവസ്ഥകള്‍ പ്രകാരം രണ്ടാം വാക്‌സിനെടുത്ത് ആറു മാസം കഴിഞ്ഞവരെല്ലാം അവരുടെ പ്രായം പരിഗണിക്കാതെ വാക്‌സിന്‍ സ്വീകരിക്കുന്നത് വൈകിപ്പിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

മുമ്പ് വാക്‌സിനെടുത്തവരില്‍ രണ്ടാഴ്ചയ്ക്കിടെ പ്രതിദിന കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയതായി മന്ത്രാലയം സൂചന നല്കി. കോവിഡിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ഇതിനര്‍ഥമെന്നും മന്ത്രാലയം വിശദീകരിച്ചു.
പല രാജ്യങ്ങളിലും കോവിഡ് വ്യാപകമായതിനാല്‍ വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസത്തിന് ശേഷം യാത്രയ്ക്കു മുമ്പായി ബൂസ്റ്റര്‍ ഡോസ് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും അധിക ബൂസ്റ്റര്‍ വാക്‌സിനുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അപ്പോയ്ന്‍മെന്റുകള്‍ സജ്ജീകരിക്കുന്നതിന് അവരുമായി ആളുകള്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ 40277077 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

