

ദോഹ: ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടിംഗ് സേവന പ്ലാറ്റ്ഫോമായ ഗൂഗിള്‍ ക്ലൗഡ് അതിന്റെ ഉത്പന്നങ്ങളും സേവനങ്ങളും ജി സി സി വിപണിയില്‍ ആദ്യമായി വിപുലീകരിച്ചു. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) മേഖലയിലുള്ള ഉപഭോക്താക്കള്‍ക്കായി നൂതനമായ പരിഹാരങ്ങള്‍ ലക്ഷ്യമിട്ടാണ് ജി സി സിയില്‍ ആദ്യമായി ഗൂഗ്ള്‍ ക്ലൗഡിന് ദോഹയില്‍ റീജ്യണല്‍ ഹബ് ആരംഭിച്ചത്.

കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ്, സഹമന്ത്രിയും ഖത്തര്‍ ഫ്രീ സോണുകളുടെ ചെയര്‍മാനുമായ അഹമ്മദ് അല്‍ സയ്യിദ് എന്നിവരുള്‍പ്പെടെ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലോഞ്ചിംഗ് ചടങ്ങ് നടന്നു. ഗൂഗിള്‍ ക്ലൗഡ് പ്രസിഡന്റ് അഡയര്‍ ഫോക്‌സ്-മാര്‍ട്ടിന്‍, ഗൂഗിള്‍ ക്ലൗഡ് കണ്‍ട്രി മാനേജര്‍ ഗസ്സാന്‍ കോസ്റ്റ തുടങ്ങിയവരും പങ്കെടുത്തു.
