ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ജൂണ്‍ 8ന് ഉദ്ഘാടനം ചെയ്യും

Web Desk
2 Min Read

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) ഇന്ത്യന്‍ സമൂഹത്തിന്റെ വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനും വിജ്ഞാന കൈമാറ്റത്തിനും പഠനാവസരങ്ങള്‍ വിപുലപ്പെടുത്തുന്നതിനുമായി പുതിയ ലൈബ്രറി സ്ഥാപിച്ചു. എല്ലാ പ്രായവിഭാഗങ്ങളിലുമുള്ള വായനക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്.

city exchange

ഐ സി സി ലൈബ്രറിയുടെ ഔപചാരിക ഉദ്ഘാടനംജൂണ്‍ 8 തിങ്കളാഴ്ച രാത്രി 8 മണിക്ക് ഐ സി സി ആസ്ഥാനത്ത് നടക്കും. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തര്‍ നാഷണല്‍ ലൈബ്രറിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ആറായിരത്തിലധികം പുസ്തകങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലായി ലൈബ്രറിയില്‍ ലഭ്യമാണ്. ഖത്തറിലെ ഇന്ത്യന്‍ ഭാഷകളിലുള്ള ഏറ്റവും വലിയ സമൂഹ അധിഷ്ഠിത ലൈബ്രറി ശേഖരങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നോവലുകള്‍, ചെറുകഥകള്‍, കവിതകള്‍, ആത്മകഥകള്‍, ജീവചരിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍, ആരോഗ്യ- ജീവിതശൈലി പ്രസിദ്ധീകരണങ്ങള്‍, ബാലസാഹിത്യം, റഫറന്‍സ് ഗ്രന്ഥങ്ങള്‍, സംസ്‌കാരം, ചരിത്രം, സമകാലിക വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഖത്തറില്‍ താമസിക്കുന്ന വിവിധ സാമൂഹിക സംഘടനകളുടെയും വ്യക്തിഗത ദാതാക്കളുടെയും ഉദാരമായ സംഭാവനകളിലൂടെയാണ് ലൈബ്രറിയിലെ പുസ്തക ശേഖരം രൂപപ്പെട്ടത്. സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാ വൈവിധ്യം സംരക്ഷിക്കുന്നതിനും പുതിയ തലമുറയില്‍ വായനാശീലം വളര്‍ത്തുന്നതിനുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ കൂട്ടായ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ സംരംഭം.

- Advertisement -
Ad image

വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍, ഗവേഷകര്‍, എഴുത്തുകാര്‍, വായനാപ്രേമികള്‍ എന്നിവര്‍ക്കായി സജീവമായ വിജ്ഞാനകേന്ദ്രമായി ലൈബ്രറിയെ വികസിപ്പിക്കാനാണ് ഐ സി സി ലക്ഷ്യമിടുന്നത്. പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിന് പുറമെ സാഹിത്യസംഗമങ്ങള്‍, എഴുത്തുകാരുമായുള്ള സംവാദങ്ങള്‍, വായനാ സെഷനുകള്‍, പുസ്തക ചര്‍ച്ചകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കാനാണ് പദ്ധതി.

ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ- സാംസ്‌കാരിക വളര്‍ച്ചയ്ക്കായി ഐസിസി നടത്തുന്ന ശ്രമങ്ങളില്‍ നിര്‍ണായക നാഴികക്കല്ലാണ് ലൈബ്രറിയുടെ സ്ഥാപനം.

വാര്‍ത്താ സമ്മേളനത്തില്‍ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, സെക്രട്ടറിമാരായ അഫ്‌സല്‍ അബ്ദുല്‍ മജീദ്, ,പ്രദീപ് പിള്ള, ധനകാര്യ വിഭാഗം മേധാവി ബിശ്വജിത് ബാനര്‍ജി, അഫിലിയേഷന്‍ വിഭാഗം മേധാവി രവീന്ദ്ര പ്രസാദ്, ഇന്‍ഹൗസ് ആക്ടിവിറ്റീസ് വിഭാഗം മേധാവി വെങ്കപ്പ ഭാഗവതുല, എക്‌സ്റ്റേണല്‍ ആക്ടിവിറ്റീസ് ആന്റ് ലിറ്ററേച്ചര്‍ ക്ലബ്‌സ് വിഭാഗം മേധാവി പൂര്‍വി ഷ്രോഫ്, സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി നന്ദിനി അബ്ബഗൗണി, ഐ ടി ആന്റ് സോഷ്യല്‍ മീഡിയ വിഭാഗം മേധാവി സന്ദീപ് ശ്രീരാമറെഡ്ഡി, എച്ച് ആര്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് കോണ്‍സുലാര്‍ വിഭാഗം മേധാവി രാകേഷ് വാഘ് എ്ന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!