
കോഴിക്കോട്: ബി ജെ പി സംസ്ഥാന അധ്യക്ഷ പദവി തേടിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സുരേഷ് ഗോപി എം പി നാളെ ഡല്‍ഹിക്കു തിരിക്കും. ഇതോടെ സംസ്ഥാനത്തെ ബി ജെ പി നേതാക്കളുടെ നെഞ്ചിടിപ്പ് കൂടി.


സംസ്ഥാനത്തെ നേതാക്കളെ വിശ്വാസത്തിലെടുക്കാതെയും അറിയിക്കാതെയുമുള്ള തീരുമാനങ്ങള്‍ നേരത്തെയും കേന്ദ്രനേതൃത്വത്തില്‍ നിന്നു പലവട്ടം വന്നിട്ടുള്ളതിനാല്‍ സുരേഷ് ഗോപിയുടെ ഡല്‍ഹി യാത്രയെ ആശങ്കയോടെയാണ് സംസ്ഥാന നേതാക്കള്‍ കാണുന്നത്. സുരേഷ് ഗോപി ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആയി നിയമിതനാകാന്‍ സാധ്യതയുണ്ടെന്നുള്ള വാര്‍ത്തകള്‍ കുറെ ആഴ്ചകളായി നിലവിലുണ്ട്. എന്നാല്‍, അങ്ങനെയൊരു ആലോചനയില്ലെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.

സംസ്ഥാന നേതൃത്വവുമായി അത്ര അടുപ്പമില്ലാതെയാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം. അദ്ദേഹത്തിന്റെ പോക്കില്‍ കേരള നേതാക്കളില്‍ പലരും അസ്വസ്ഥരുമാണ്. എന്നാല്‍, കേന്ദ്രനേതൃത്വത്തിന്റെ കൃത്യമായ പിന്തുണയോടെയാണ് അദ്ദേഹം പല നീക്കങ്ങളും നടത്തുന്നതായാണ് സൂചന.
നാര്‍ക്കോട്ടിക് ജിഹാദ് വിഷയം ഉയര്‍ന്നു വന്നപ്പോള്‍ പാലാ ബിഷപ്പിനെ സുരേഷ് ഗോപി സന്ദര്‍ശിച്ചതു വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്.

