
ദോഹ: വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ വിദ്യാലയങ്ങൾക്കും കിൻ്റർഗാർട്ടനുകൾക്കും വിദ്യാഭ്യാസ സംഭാവനയായി മൊത്തം 2,939 വിദ്യാഭ്യാസ സീറ്റുകൾ നൽകുന്ന സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോജക്ട് ആരംഭിച്ചതായി അറിയിച്ചു.

ഈ പദ്ധതിയുടെ ലക്ഷ്യം, വിദ്യാഭ്യാസ അവസരങ്ങളിലെ സമത്വം വളർത്തുക, അർഹരായ കുടുംബങ്ങളെ സഹായിക്കുക, വിവിധ തലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള, പ്രത്യേകതകളുള്ള വിദ്യാഭ്യാസത്തിലേക്ക് പ്രവേശിക്കാനുള്ള അവസരം നൽകുക എന്നിവയാണ്.

പദ്ധതിയിൽ സൗജന്യ സീറ്റുകൾ, കിഴിവുള്ള സീറ്റുകൾ, ശേഷിക്കുറവുള്ള വിദ്യാർഥികൾക്കുള്ള പ്രത്യേക സൗജന്യ സീറ്റുകൾ, ഖത്തർ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ വൗച്ചർ മൂല്യത്തിലുള്ള സീറ്റുകൾ, ചില സ്കൂളുകൾ നൽകുന്ന പൂർണ്ണമായി സൗജന്യമായ ഈവനിങ് വിദ്യാഭ്യാസ ക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു.
ബ്രിട്ടീഷ്, ഇന്ത്യൻ, അമേരിക്കൻ, ഖത്തറിന്റെ നാഷണൽ കരിക്കുലം എന്നിവ ഉൾപ്പെടെ വിവിധ പാഠ്യപദ്ധതികളാണ് ലഭ്യമാകുന്നത്. നൽകിയിരിക്കുന്ന എല്ലാ സീറ്റുകളും ദീർഘകാലത്തേയ്ക്കുള്ളതും വിദ്യാർഥി പഠനം പൂർത്തിയാക്കുന്നത് വരെ തുടർച്ചയായതുമാണ്.
സഹായം അർഹരായവർക്ക് മാത്രമായി ഉറപ്പാക്കാൻ മന്ത്രാലയം വ്യക്തമായ അർഹതാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. സൗജന്യ സീറ്റുകൾക്കായി കുടുംബവരുമാനം പതിനായിരം റിയാൽ കവിയരുത്. കിഴിവുള്ള സീറ്റുകൾക്കായി വരുമാനം 15,000 റിയാൽ കവിയരുത്. ഖത്തർ വിദ്യാർഥികൾക്കുള്ള വൗച്ചർ സീറ്റുകൾക്കായി വരുമാനം 25,000 റിയാലിൽന കവിയരുത്.
അപേക്ഷകൾ 2026 ജനുവരി 20-ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേന ഇലക്ട്രോണിക്കായി സ്വീകരിക്കും.

