

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 66-ാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു ഉദ്ഘാടനം ചെയ്തു.

കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഡോ. വി വേണു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തും സംരംഭകത്വ രംഗത്തുമാണ് ആദ്യ ഘട്ടത്തിൽ പുനർ നിർമാണം നടക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

കഴിവുള്ള യുവതയ്ക്കായി ആനിമേഷൻ, വിഷ്വൽ ഇഫക്ട്, ഗെയിമിങ്, കോമിക്, എക്സ്റ്റൻഷൻ, റിയാലിറ്റി (എ വി ജി സി എക്സ് ആർ) നയമുണ്ടാക്കുകയും മലയാളി യുവതയുടെ കഴിവുകൾ കേരളത്തിൽ തന്നെ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും.
കേരളത്തിലെ വിദ്യാഭ്യാസ- ബിസിനസ് രംഗങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നതോടെ സാധ്യതകൾ ഉപയോഗപ്പെടുത്താനാവുമെന്നും ഡോ. വി വേണു പറഞ്ഞു. കേരളത്തെ ലോകത്തിന്റെ ആനിമേഷന്‍ തലസ്ഥാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷം ഡോ. വി വേണു പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണിത്.
ഫൈനല്‍ മൈല്‍ കണ്‍സള്‍ട്ടിംഗ് ചെയര്‍മാനും ഫ്രാക്ടല്‍ അനലിറ്റിക്‌സ് മുഖ്യഉപദേശകനുമായ ബിജു ഡൊമനിക്ക് മുഖ്യപ്രഭാഷണം നടത്തി.
കെ എം എ പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ആക്ടിവിറ്റി കലണ്ടര്‍ ഹോണററി സെക്രട്ടറി ദിലീപ് നാരായണന്‍ അവതരിപ്പിച്ചു. ഐമയുടേയും കെ എം എയുടേയും മുന്‍ പ്രസിഡന്റ് ടി ടി തോമസ് ആശംസകള്‍ അര്‍പ്പിച്ചു. സീനിയർ വൈസ് പ്രസിഡന്റ് ബിബു പുന്നൂരാന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ഹരികുമാര്‍ നന്ദിയും പറഞ്ഞു.

