

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള അപെക്‌സ് ബോഡികളുടെ ഭരണ സമിതികളിലേക്കുള്ള തെരെഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും.

മൂന്ന് അപെക്‌സ് ബോഡികളിലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഏഴ് പേരാണ് മത്സര രംഗത്തുള്ളത്. മുന്‍വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്തമായി കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ സി സി) പ്രസിഡണ്ട് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡണ്ട് എ പി മണികണ്ഠനും ഐ സി ബി എഫ്, ഐ എസ് സി, ഐ ബി പി എന്‍ എന്നീ ബോഡികളുടെ വൈസ് പ്രസിഡന്റായിരുന്ന ഷെജി വലിയകത്തും മത്സരിക്കുന്നു.
ഒരു വട്ടം വൈസ് പ്രസിഡന്റും രണ്ടു വട്ടം പ്രസിഡണ്ടുമായിരുന്ന എ പി മണികണ്ഠന്‍ മൂന്നാമൂഴത്തിനായാണ് ഇത്തവണ രംഗത്തുള്ളത്. തന്റെ നേതൃത്വപരമായ കാര്യക്ഷമതയും മികവും കഴിഞ്ഞകാലങ്ങളിലെ ഐ സി സിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടായ പുരോഗതിയും ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കുന്ന അദ്ദേഹം ‘ഒരേ സമൂഹം ഒറ്റ ലക്ഷ്യം’ എന്ന മുദ്രാവാക്യമാണ് മുന്നോട്ട് വെക്കുന്നത്.
സി എ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ (ഐ എസ് സി) വൈസ് പ്രസിഡന്റ്, ഐ ബി പി സി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച് നേതൃത്വ പാടവം തെളിയിച്ച പരിചയ സമ്പന്നതയുമായാണ് ഷെജി വലിയകത്ത് ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഖത്തറിന്റെ കലാ കായിക സാംസ്‌കാരിക സാമൂഹ്യ രംഗത്ത് നിറസാന്നിദ്ധ്യമായ ഷെജി വലിയകത്ത് ‘ടോപ് 5 അജണ്ടയുമായാണ്’ മത്സരിക്കുന്നത്.
കമ്മ്യൂണിറ്റി സ്‌കൂളും അതിനോടനുബന്ധിച്ചുള്ള വിപുലമായ സൗകര്യങ്ങളോടുകൂടിയ കമ്മ്യൂണിറ്റി ഹാളും യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമങ്ങള്‍ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഷെജി വലിയകത്ത് തന്റെ ‘ടോപ് 5 അജണ്ടയില്‍’ പറയുന്നു.
നൂതനമായ പല ആശയങ്ങളും കമ്മ്യുണിറ്റിയുടെ വികസനത്തിന് വേണ്ടി ആവിഷ്‌കരിക്കുമെന്ന് പറയുന്ന എ പി മണികണ്ഠന്‍ മുന്‍വര്‍ഷങ്ങളില്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി വിജയകരമായി നടത്തിയ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളും പരിപാടികളും തന്റെ ഭരണസമിതിയുടെ നേട്ടങ്ങളായി എടുത്ത് കാണിക്കുന്നു.
മാറ്റങ്ങള്‍ അനിവാര്യമാണെന്നും മാറ്റങ്ങളെ ഉള്‍കൊള്ളുമ്പോഴേ സമൂഹത്തിന് പുരോഗതി കൈവരുകയും വ്യത്യസ്തയിലെ മേന്മ അനുഭവമാകുകയുള്ളുവെന്നും ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും തയ്യാറാകണമെന്നും ഷെജി വലിയകത്ത് അഭ്യര്‍ഥിക്കുന്നു.
‘മാറ്റത്തെ ശാക്തീകരിക്കുക, പുരോഗതിയെ പ്രോത്സാഹിപ്പിക്കുക’ എന്ന തന്റെ മുദ്രാവാക്യം കമ്മ്യൂണിറ്റിയുടെ സമസ്ത മേഖലകളുടേയും പൂരോഗതിക്കും സേവനത്തിനും ഊര്‍ജ്ജം പകരുന്നതാണെന്ന് പൊതു പ്രവര്‍ത്തന രംഗത്ത് കഴിവ് തെളിയിച്ച ഷെജി വലിയകത്ത് പറയുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഐ സി ബി എഫ് പ്രസിഡണ്ടായി തുടരുന്ന ഷാനവാസ് ടി ബാവ, കമ്മ്യൂണിറ്റിക്ക് വേണ്ടി തന്റെ ഭരണസമിതി നടത്തിയ പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് രണ്ടാമൂഴത്തിന് വോട്ട് തേടുന്നത്.
ഐ സി ബി എഫിനെ കൂടുതല്‍ കാര്യക്ഷമമാക്കുവാനും ഇന്‍ഷൂറന്‍സ് പദ്ധതികള്‍ നടപ്പാക്കിയും കരിയര്‍ ക്ലിനിക്ക് സ്ഥാപിച്ചും കോണ്‍സുലര്‍ സര്‍വീസുകള്‍ കൂടുതല്‍ വിപുലമാക്കിയും കമ്മ്യൂണിറ്റിയെ കൂടുതല്‍ ചേര്‍ത്തു പിടിക്കുവാനും കഴിഞ്ഞതിലുള്ള ആത്മവിശ്വാസവുമായാണ് ഷാനവാസ് ബാവ പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ടാമൂഴം തേടുന്നത്.
‘ഒരുമിച്ച്, നമുക്ക് ഒന്നിച്ച് നയിക്കാം ഐ സി ബി എഫിനെ എന്ന മുദ്രാവാക്യവുമായ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന സാബിത് സഹീര്‍ കമ്മ്യൂണിറ്റിയില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ്.
ഐ സി ബി എഫിനെ കൂടുതല്‍ ജനകീയവും ജനോപകാര പ്രദവുമാക്കുമെന്ന പ്രതിജ്ഞയോടെയാണ് സാബിത് വോട്ടുതേടുന്നത്.
ബഹുഭൂരിക്ഷവും സാധാരണക്കാരായ ഖത്തറിലെ ഇന്ത്യന്‍ സമൂഹം തങ്ങളുടെ ഇടയില്‍ നിന്നും ഒരു പ്രതിനിധിയെ പ്രസിഡന്റായി കാണുന്നു എന്നും അത് തന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ പൂവണിയുമെന്ന പ്രതീക്ഷയാണ് കമ്മ്യൂണിറ്റിക്കും തനിക്കും ഉള്ളതെന്ന് ഐ സി ബി എഫ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാര്‍ഥി സിഹാസ്സ് ബാബു പറയുന്നു.
മൂന്ന് സ്ഥാനാര്‍ഥികളാണ് ഐ സി ബി എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത് രണ്ട് പേരാണ്- ഇ പി അബ്ദുല്‍റഹ്മാനും ശ്രീ ആഷിക് അഹമ്മദും. ഇരുവരും കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ്.
ഒട്ടേറെ ഫുട്‌ബോള്‍ കായിക മേളകളും ടൂര്‍ണ്ണമെന്റുകളും സംഘടിപ്പിച്ച് സംഘാടന മികവും പ്രവര്‍ത്തന ശേഷിയും തെളിയിച്ച ഇരുവരും ഐ എസ് സി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നത് നവാഗതരായിട്ടല്ല.
ഇ പി അബ്ദുല്‍ റഹ്മാന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് രണ്ടാമൂഴം തേടുമ്പോള്‍ ആഷിക്ക് അഹമ്മദ് ഐ സി സിയിലുള്‍പ്പെടെ മാനേജിംഗ് കമ്മിറ്റികളിലേക്ക് പലകുറി മത്സരിച്ചിട്ടുണ്ട്.

