

തൃശൂര്‍: കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളും അതിനാല്‍ സംഭവിക്കുന്ന ദുരന്തങ്ങളും നിരന്തരം അനുഭവിച്ചിട്ടും അതൊന്നും നമ്മുടെ പ്രവൃത്തിയേയോ മുന്നോട്ടുള്ള പ്ലാനിംഗിനേയോ വികസന സങ്കല്‍പങ്ങളേയോ സ്വാധീനിച്ചിട്ടില്ലെന്നും അത് സാധ്യമാകാതെ കേരളത്തില്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ അവസാനിക്കില്ലെന്നും കെ എഫ് ആര്‍ ഐയിലെ രജിസ്ട്രാറും സയന്റിസ്റ്റുമായ ഡോ. ടി വി സജീവ് പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച ഗ്രീന്‍ കേരള സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇപ്പോഴും നമ്മുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും സംഭവിക്കാത്തതു പോലെയാണ്. നാം ചിന്തിക്കുന്നത് പഴയ രീതിയിലാണ്. അത് കൂടുതല്‍ അപകടത്തിലേക്കാണ് നമ്മെ കൊണ്ട് ചെന്നെത്തിക്കുക. നമ്മേക്കാള്‍ സമ്പന്നമായ രാജ്യമായ സിംഗപ്പൂര്‍ അതിവേഗ റെയില്‍ വേണ്ടെന്ന് വെച്ചത് സാമ്പത്തികമായി ലാഭകരമല്ല എന്നതുകൊണ്ടാണ്. കേരളത്തിന്റെ എത്രയോ ഇരട്ടി ജി ഡി പിയുള്ള രാജ്യം പോലും വെണ്ടെന്നു വെച്ച ഒരു പദ്ധതി നമുക്കെങ്ങനെയാണ് ലാഭകരമാകുകയെന്ന് ആലോചനക്ക് വിധേയമാക്കെണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസുഖങ്ങള്‍ ധാരാളമുള്ള ഒരാള്‍ക്ക് ഒരു അത്യാഹിതം സംഭവിച്ചാല്‍ ആ അപകടം അയാളില്‍ വലിയ ആഘാതങ്ങളുണ്ടാക്കും. അതുപോലെയാണ് കേരളത്തിന്റെ അവസ്ഥയും പാരിസ്ഥിതികാരോഗ്യം കുറഞ്ഞ കേരളത്തില്‍ കാലാവസ്ഥ വ്യതിയാനം സംഭവിക്കുമ്പോള്‍ ആഘാതവും വര്‍ധിക്കുന്നു. കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിച്ചെങ്കില്‍ മാത്രമേ ദുരന്തങ്ങളുടെ ആഘാതം കുറക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ സഹദേവന്‍, റിവര്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ എസ് പി രവി, കേരളീയം മാസിക എഡിറ്റര്‍ എസ് ശരത് എന്നിവര്‍ എന്‍വിയോണ്‍മെന്റല്‍ ആക്ടിവിസം, പരിസ്ഥിതി പുനരുജ്ജീവനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, മാധ്യമ സമീപനങ്ങളിലെ പൊരുത്തക്കേടുകള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ.ബി ബഷീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം ജുബൈര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ സിദ്ദീഖ് അലി, പി സി റഊഫ് മിസ്ബാഹി എന്നിവര്‍ സംസാരിച്ചു.

