പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

Web Desk
1 Min Read

പൂനെ: മുതിര്‍ന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. രോഗബാധയെ തുടര്‍ന്ന് ബുധനാഴ്ച രാത്രി പൂനെയിലായിരുന്നു അന്ത്യം. ഗാഡ്ഗിലിന്റെ മകന്‍ സിദ്ധാര്‍ഥ ഗാഡ്ഗില്‍ ആണ് പിതാവിന്റെ വിയോഗവാര്‍ത്ത അറിയിച്ചത്. രോഗബാധയെ തുടര്‍ന്ന് പിതാവ് ബുധനാഴ്ച രാത്രി അന്തരിച്ചു എന്ന് സിദ്ധാര്‍ഥ ഗാഡ്ഗില്‍ അറിയിച്ചു.

city exchange

പരിസ്ഥിതി ശാസ്ത്രത്തെ ജനകീയ ജനാധിപത്യവുമായി സമന്വയിപ്പിച്ചതിനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ (ഗാഡ്ഗില്‍ കമ്മീഷന്‍) അധ്യക്ഷത വഹിച്ചതിനും പേരുകേട്ട വ്യക്തിത്വമാണ് മാധവ് ഗാഡ്ഗില്‍. ശാസ്ത്രീയമായ കൃത്യത, സാമൂഹിക നീതി, പ്രാദേശിക പങ്കാളിത്തം എന്നിവ പരിസ്ഥിതി സംരക്ഷണത്തില്‍ അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ഇന്ത്യയിലെ പരിസ്ഥിതി നയ ചര്‍ച്ചകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

1942 മെയ് 24ന് പൂനെയിലാണ് ജനനം. പൂനെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ച ശേഷം മാധവ് ഗണിത പരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റെടുത്തു. ഹാര്‍വാഡില്‍ അദ്ദേഹം ഒരു ഐ ബി എം ഫെലോ ആയിരുന്നു. കൂടാതെ അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ റിസര്‍ച്ച് ഫെലോയും ജീവശാസ്ത്ര അധ്യാപകനുമായിരുന്നു.

ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ- പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയില്‍ താത്പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണ പ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. ആനുകാലികങ്ങളില്‍ സ്ഥിരമായി ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും എഴുതാറുണ്ട്.

- Advertisement -
Ad image

കേരളത്തില്‍ ആവര്‍ത്തിക്കുന്ന പ്രകൃതി ക്ഷോഭങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനവുമായി ഗാഡ്ഗില്‍ രംഗത്തെത്തിയിരുന്നു. പശ്ചിതഘട്ടം സംരക്ഷിച്ചില്ലെങ്കില്‍ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!