
മസ്‌കത്ത്: കേരള നാടിന്റെ വികസന കാര്യത്തില്‍ പ്രവാസികള്‍ വലിയ പങ്കാണ് വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മസ്‌കത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ വിദ്യാഭ്യാസ സാമൂഹിക മാറ്റം പ്രവാസികളിലും മാറ്റമുണ്ടാക്കി. ഇനിയും കുറവുകള്‍ പരിഹരിച്ചു നമ്മള്‍ മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമൂഹം മുന്നോട്ടുപോകണം എന്ന പ്രതിബദ്ധത കേരള സര്‍ക്കാറിനുണ്ട്. സര്‍ക്കാറിന് ജനങ്ങളോടാണ് പ്രതിബദ്ധതയെന്നും എതിര്‍പ്പുകള്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസന കാര്യത്തില്‍ മുന്‍ സര്‍ക്കാറുകള്‍ കാണിച്ച കെടുകാര്യസ്ഥതയാണ് കേരളത്തെ പലപ്പോഴും പിറകോട്ടു നിര്‍ത്തിയത്. തുടര്‍ഭരണം നാടിന്റെ വികസനത്തിന് സഹായിക്കുന്നതാണെന്ന് തെളിഞ്ഞിരിക്കുന്നു. വീണ്ടും തുടര്‍ഭരണത്തിന് ജനങ്ങള്‍ സഹായിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കേരളത്തിന്റെ പുരോഗതിയുടെ കാര്യത്തില്‍ കുറച്ചുകൂടി വേഗം വേണമെന്ന് ഇവിടെ അഭിപ്രായം ഉയര്‍ന്നിരുന്നു. എല്ലാവര്‍ക്കും വഴി നടക്കാന്‍ പറ്റാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ക്കെതിരെ നവോഥാന നായകര്‍ പടപൊരുതി. നവോഥാനം ശരിയായ വിധത്തില്‍ കേരളം ഏറ്റെടുത്തതിന്റെ ഫലമാണ് നമ്മള്‍ ഇന്നു കാണുന്ന വിദ്യാഭ്യാസ സാമൂഹിക മാറ്റം. കേരള മോഡല്‍ എന്നു നാം വിളിക്കുന്ന ഈ മുന്നേറ്റത്തിന് വഴി തെളിച്ചത് 1957ലെ ഒന്നാം കേരള സര്‍ക്കാരാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങില്‍ കേരള നാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, ഇന്ത്യന്‍ അംബാസഡര്‍ ജി വി ശ്രീനിവാസ്, കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലകന്‍, മുന്‍ മന്ത്രി അഹ്മദ് ദേവര്‍കോവില്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. എം എ യൂസഫലി, ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലി, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അബ്ദുല്ല അല്‍ നവാസ്, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി അംഗവും ബദര്‍ അല്‍ സമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്ലത്തീഫ് ഉപ്പള, സംഘാടക സമിതി കണ്‍വീനര്‍ വില്‍സന്‍ ജോര്‍ജ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാന്‍ ബാബു രാജ്, മലയാളം മിഷന്‍ ഒമാന്‍ ചെയര്‍മാന്‍ ഡോ. രത്‌നകുമാര്‍, ലോക കേരള സഭാംഗങ്ങളായ ബിന്ദു, എലിസബത്ത് ജോസഫ്, ഐ സി എഫ് ഇന്റര്‍നാഷനല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി, ഗിരീഷ് കുമാര്‍, ഫാ. ഏലിയാസ്, രാജേഷ്, ഷക്കീല്‍, അജയന്‍ പൊയ്യാറ പങ്കെടുത്തു.

