

കൊച്ചി: കളമശ്ശേരി എറണാകുളം മെഡിക്കല്‍ കോളജിന് സമീപത്തെ സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ സ്‌ഫോടനം. ഒരു സ്ത്രീ മരിച്ചു. 25 പേര്‍ക്ക് പരുക്ക്. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരം.

യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ മൂന്നു ദിവസമായി ഇവിടെ നടക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ട് സമാപിക്കാനിരിക്കെയായിരുന്നു സ്‌ഫോടനമുണ്ടായത്. രാവിലെ ഒന്‍പതരയോടെയാണ് കണ്‍വെന്‍ഷന്‍ സെന്ററിനകത്ത് ഉഗ്രസ്‌ഫോടനമുണ്ടായത്.

മരിച്ച സ്ത്രീയേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സ്ഥലത്ത് ആളുകള്‍ തടിച്ചു കൂടിയിരിക്കുകയാണ്. രണ്ടായിരത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
ഹാളിന്റെ മധ്യഭാഗത്ത് നിന്നാണ് പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാര്‍ഥനയുടെ സമയമായതിനാല്‍ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നതത്രെ. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍ നിന്നുള്ളവരാണ് കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയിട്ടുള്ളത്.
കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ അകത്തേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.

