താലിബാന്റെ മരണ വാറണ്ട് ഫരീബയുടെ ‘സമ്പാദ്യം’

Web Desk
5 Min Read

ഫരീബ നാല്‍പ്പതുകാരിയാണ്. അഫ്ഗാനിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്തില്‍ നിന്നുള്ള യുവതി. താലിബാന്‍ പുറപ്പെടുവിച്ച കാലഹരണപ്പെടാത്ത തിയ്യതിയുള്ള മരണ വാറണ്ടാണ് ഫരീബയുടെ ‘സമ്പാദ്യം.’
സ്വന്തം ഭര്‍ത്താവ് താലിബാന്‍കാരനാണെന്ന് അറിഞ്ഞതോടെ അയാളെ ഉപേക്ഷിച്ച് രണ്ട് പെണ്‍മക്കളുമായി ഇന്ത്യയിലേക്ക് പലായനം ചെയ്തവരാണിവര്‍.
തന്റെ ജീവിതകാലത്തെ രണ്ട് സ്യൂട്ട്‌കേസുകളിലേക്കൊതുക്കി അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെത്തുമ്പോള്‍ പെണ്‍മക്കള്‍ക്ക് ജീവിതം വേണമെന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. ഭര്‍ത്താവിന്റെ ആക്രമണത്തിലേറ്റ മുറിവുകളുടെ അടയാളം അവരുടെ കഴുത്തിലും കൈകളിലുമുണ്ടായിരുന്നു. മാത്രമല്ല നാലു പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും അവര്‍ക്കറിയുമായിരുന്നില്ല. ഭര്‍ത്താവ് പണം വാങ്ങി അവര്‍ രണ്ടുപേരേയും താലിബാന് വില്‍പ്പന നടത്തിയെന്നാണ് ഫരീബ പറയുന്നത്. മൂന്നാമത്തെ മകളേയും വില്‍പ്പന നടത്താന്‍ പണം വാങ്ങിയിട്ടുണ്ടെങ്കിലും അപ്പോഴേക്കും ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു അവര്‍. അതേതുടര്‍ന്ന് ഫരീബയുടെ മാതാപിതാക്കളും സഹോദരനും അടങ്ങുന്ന കുടുംബത്തിന് താലിബാനില്‍ നിന്നും ഭീഷണിയുമുണ്ടെന്ന് അവര്‍ പറയുന്നു.
ദി ഇന്‍ഡിപെന്റന്റിന്റെ ശ്വേത ശര്‍മയോട് സംസാരിക്കവെയാണ് അവര്‍ തന്റെ കഥ വിവരിച്ചത്.

city exchange

‘താലിബാന്‍ നന്നാവില്ല’

സ്ത്രീകളുടെ അവകാശത്തെ താലിബാന്‍ വിലമതിക്കില്ലെന്ന ഉറപ്പാണ് ഫരീബയ്ക്കുള്ളത്. താലിബാന്റെ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണ്. അതുകൊണ്ടുതന്നെ തന്റെ പെണ്‍മക്കളുടെ ഭാവിയാണ് തനിക്ക് വലുതെന്നും അവര്‍ പറയുന്നു.
ഇനിയൊരിക്കലും സ്വന്തം രാജ്യത്തേക്ക് തനിക്ക് തിരിച്ചു പോകാന്‍ ആയേക്കില്ലെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. കുടുംബാംഗങ്ങളേയും ബന്ധുക്കളേയുമൊന്നും നേരില്‍ കാണാനാവുമെന്ന പ്രതീക്ഷയുമില്ല. എല്ലാവരേയും ഉപേക്ഷിച്ച് പലായനം തെരഞ്ഞെടുത്തത് അത്ര എളുപ്പത്തിലൊന്നുമായിരുന്നില്ല. പക്ഷേ, മുമ്പില്‍ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല.
സ്ത്രീകള്‍ക്ക് പഠിക്കാനും ജോലിയെടുക്കാനും അനുവാദം നല്കുമെന്നൊക്കെ താലിബാന്‍ പറയുന്നുണ്ട്. പക്ഷേ സ്വയം പരിഷ്‌കൃതരായി ചിത്രീകരിക്കാനുള്ള അവര്‍ ശ്രമം മാത്രമാണതെന്നും അവരുടെ ചിന്തകള്‍ക്കൊരിക്കലും മാറ്റമുണ്ടാകില്ലെന്നും ഫരീബ പറയുന്നു. അവര്‍ മുമ്പത്തേപ്പോലെ തന്നെയായിരിക്കുമെന്ന ഭയം ഫരീബ നിലനിര്‍ത്തുന്നുണ്ട്.
ലോകത്തിന്റെ ശത്രുവാണ് താലിബാനെന്നാണ് ഫരീബ പറയുന്നത്. തന്നെ പോലെ പല സ്ത്രീകളുടേയും അഭിപ്രായം ഇതുതന്നെയായിരിക്കും. പക്ഷേ, അക്കാര്യം ഉറക്കെ പറയാന്‍ അവരെല്ലാവരും ഭയക്കുകയാണ്. താലിബാന്‍ ഭരണത്തിന്് കീഴിലുള്ള ജീവിതം എങ്ങനെയാണെന്ന് ലോകം ഉടനെ അറിയുമെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.

താലിബാന്‍കാരനായ ഭര്‍ത്താവിനെ തിരിച്ചറിയാന്‍ വൈകി

തന്റെ ഭര്‍ത്താവ് താലിബാന്‍ അംഗമാണെന്ന് ഫരീബ തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. തിരിച്ചറിഞ്ഞ നിമിഷം തന്നെ അയാളെ ഉപേക്ഷിക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു. ഭര്‍ത്താവിനെ ഉപേക്ഷിക്കാനെടുത്ത തീരുമാനമാണ് ഫരീബയ്ക്ക് താലിബാന്‍ മരണ വാറണ്ട് മുറിച്ചു കൊടുക്കാന്‍ കാരണമായത്.
പതിനാലാം വയസ്സിലായിരുന്നു ഫരീബയുടെ വിവാഹം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിലെ അംഗമായ ഫരീബയ്ക്ക് ആ പ്രായത്തില്‍ മാതാപിതാക്കള്‍ കൊണ്ടുവന്ന വരനെ സ്വീകരിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു. അഫ്ഗാനിലെ കുറേ പെണ്‍കുട്ടികളുടെ വിധി ഇങ്ങനെ തന്നെയാണ്. തന്നേക്കാള്‍ 20 വയസ്സ് കൂടുതലുള്ളയാളൊയിരുന്നു വരനെങ്കിലും ഫീരബയ്ക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. തങ്ങളുടെ നാട്ടില്‍ ആരും വിവാഹവുമായി ബന്ധപ്പെട്ട് പ്രായം ശ്രദ്ധിക്കാറില്ലെന്നും ഫരീബ പറയുന്നുണ്ട്.
വിവാഹ ശേഷം ഭര്‍ത്താവ് തന്നെ അടിക്കുന്നതും ഉപദ്രവിക്കുന്നതും പതിവായിരുന്നു. ദിവസങ്ങളും മാസങ്ങളും വീട്ടില്‍ വരാത്ത അവസ്ഥയുമുണ്ടായിരുന്നു. മാത്രമല്ല ഫരീബയെ പഠിപ്പിക്കാനോ ജോലിക്ക് പോകാനോ ഒന്നും സമ്മതിക്കുകയും ചെയ്തിരുന്നില്ല.
സ്വപ്നങ്ങളെല്ലാം തകരുകയാണെന്ന് ഫരീബയ്ക്ക് മനസ്സിലായിത്തുടങ്ങി. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയതിനാല്‍ വിധിയെ അംഗീകരിക്കുകയായിരുന്നു താനെന്ന് ഫരീബ വിശദീകരിക്കുന്നു.

- Advertisement -
Ad image

പെണ്‍മക്കളെ താലിബാന് വില്‍പ്പന നടത്തിയ ഭര്‍ത്താവ്

നാല് പെണ്‍മക്കളാണ് തങ്ങള്‍ക്ക് ജനിച്ചതെന്ന് ഫരീബ പറയുന്നു. മൂത്ത മകള്‍ക്ക് 14 വയസ്സായപ്പോള്‍ കാര്യങ്ങള്‍ വലിയ അപകടത്തിലേക്കാണ് നീങ്ങിയത്. വലിയ തുകകള്‍ കടം വാങ്ങിത്തുടങ്ങിയ ഭര്‍ത്താവ് മകളെ താലിബാന്‍ അംഗത്തിന് വിവാഹത്തിനായി വില്‍പ്പന നടത്തി.
തന്റെ ഭര്‍ത്താവ് അഞ്ച് ലക്ഷം അഫ്ഗാന്‍ അഫ്ഗാനിക്കാണ് (നാലേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) വില്‍പ്പന നടത്തിയതെന്ന് അവര്‍ പറയുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ താഴെയുള്ള മൂന്നു പെണ്‍മക്കളേയും അങ്ങനെ ചെയ്യുമെന്ന ഭീഷണിയും ഭര്‍ത്താവ് മുഴക്കി. ഇതുകേട്ട് താന്‍ ഭയന്നുപോയെന്നും എതിര്‍ക്കാനായില്ലെന്നും ഫരീബ വിശദീകരിക്കുന്നു.
മാത്രമല്ല തന്റെ ഭര്‍ത്താവ് മയക്കുമരുന്ന് ഉപയോഗിക്കുകയും അതിന്റെ ബിസിനസ് നടത്തുകയും ചെയ്തിരുന്നുവെന്നും അവര്‍ തിരിച്ചറിഞ്ഞു.
മൂത്തമകള്‍ക്കു പിന്നാലെ പന്ത്രണ്ടുകാരി മകളേയും ഭര്‍ത്താവ് വില്‍പ്പന വാഗ്ദാനം ചെയ്ത് പണം വാങ്ങി. പെട്ടെന്നൊരുനാള്‍ കൈമാറുകയും ചെയ്തതോടെ ഫരീബ ആകെ തകര്‍ന്നു. അതോടെയാണ് പൊലീസിലും സര്‍ക്കാരിലും പരാതി നല്കിയത്.
പൊലീസില്‍ പരാതി നല്കിയെന്നറിഞ്ഞ ഭര്‍ത്താവ് ദേഷ്യത്തോടെ വീട്ടിലെത്തി കത്തിയെടുത്ത് ഫരീബയെ ആക്രമിക്കുകയായിരുന്നു. ശരീരത്തിലെ നാലിടത്താണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഫരീബയ്ക്ക് പരിക്കേറ്റത്.

എതിര്‍ത്തു; വിരലുകള്‍ വിലയായി നല്കി

ഭര്‍ത്താവിന്റെ ആക്രമണത്തെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ട വിരലുകള്‍

ഭര്‍ത്താവിന്റെ ആക്രമണം ഭീകരമായിരുന്നു. കഴുത്തിലും കൈകളിലും മുറിവേറ്റു. കഴുത്തില്‍ മുറിവിന്റെ പാടുകള്‍ അവശേഷിച്ചപ്പോള്‍ രണ്ട് വിരലുകളുടെ ചലനശേഷിയാണ് നഷ്ടമായത്.
ആക്രമണവും മുറിവും മക്കളുടെ വില്‍പ്പനയുമെല്ലാം തന്നെ ഭയപ്പെടുത്തിയെങ്കിലും വീണ്ടും പൊലിസിന്റെ സഹായം തേടാനാണ് ഫരീബ തീരുമാനിച്ചത്. പൊലീസ് അന്വേഷണം ശക്തമായതോടെ ഭര്‍ത്താവ് ഹെറാത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ രക്ഷപ്പെടലാണ് പൊലീസ് അന്വേഷണത്തില്‍ അയാള്‍ താലിബാന്‍ പ്രവര്‍ത്തകനെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. ഇതറിഞ്ഞതോടെ ഫരീബ വീണ്ടും ഞെട്ടുകയായിരുന്നു.
ഭര്‍ത്താവ് രക്ഷപ്പെട്ടതിന് പിന്നാലെ താലിബാനില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. തന്റെ ഭര്‍ത്താവ് മൂന്നാമത്തെ മകളേയും വില്‍പ്പന നടത്തി പണം സ്വീകരിച്ചിട്ടുണ്ടെന്നും മകളെ വിട്ടുകൊടുക്കണമെന്നുമായിരുന്നു ആവശ്യം. ഇതോടെ അവര്‍ ആകെ തളര്‍ന്നുപോവുകയായിരുന്നു. മക്കളുമായി നാടുവിടുകയല്ലാതെ രക്ഷയില്ലെന്ന് തിരിച്ചറിഞ്ഞതും തീരുമാനിച്ചതും അപ്പോഴായിരുന്നു.
രണ്ടു പെണ്‍മക്കളെ നഷ്ടമായതിന് പിന്നാലെ മൂന്നാമത്തെ മകളേയും താലിബാന് കൊടുക്കാന്‍ ആ മാതാവിന് സാധിക്കുമായിരുന്നില്ല. മൂത്ത രണ്ടുപേരും ജീവിച്ചോ മരിച്ചോ എന്നറിയില്ല, ഇനിയുള്ള രണ്ടുപേരെയെങ്കിലും ജീവനോടെ വേണമെന്ന തീരുമാനമെടുത്താണ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്. ചെറുപ്പം മുതല്‍ ബോളിവുഡ് സിനിമകള്‍ കാണുന്നതിനാല്‍ ഫരീബയ്ക്ക് ഹിന്ദി നന്നായി കൈകാര്യം ചെയ്യാനറിയാമെന്നത് ഇന്ത്യയിലേക്കുള്ള യാത്രയും ഇവിടുത്തെ ജീവിതവും അവര്‍ക്ക് ഏറെ ബുദ്ധിമുട്ടായില്ല. രണ്ടു മക്കളുടെ ഭാവിയോര്‍ത്താണ് അജ്ഞാതമായ ദേശത്തേക്ക് പലായനം ചെയ്തതെന്നും അവര്‍ പറയുന്നു.

പലായനത്തിന് മരണ വാറണ്ട്

താലിബാന്‍ നല്കിയ മരണ വാറണ്ട്‌

താനും പെണ്‍മക്കളും പലായനം ചെയ്തതോടെ ഹെറാത്തിലെ തന്റെ കുടുംബത്തിന് താലിബാന്‍ നോട്ടീസ് അയച്ചതായും തനിക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ചതായും ഫരീബ പറയുന്നു. പെണ്‍മക്കളുമായി തിരിച്ചെത്തിയില്ലെങ്കില്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കുടുംബം നേരിടേണ്ടി വരുമെന്ന ഭീഷണിയുമുണ്ട്.
തനിക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിച്ച താലിബാന്‍ തനിക്ക് നഷ്ടപ്പെട്ട രണ്ട് പെണ്‍മക്കളെ കുറിച്ച് ഒരു കാര്യവും പറയുന്നില്ലെന്ന് ഫരീബ വിശദീകരിക്കുന്നു. അവര്‍ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുപോലും തനിക്കറിയില്ലെന്നും അവര്‍ പറയുന്നു.
താനൊരുപക്ഷേ രക്ഷപ്പെട്ടേക്കാമെന്ന് ഫരീബയ്ക്ക് പ്രതീക്ഷയുണ്ട്. പക്ഷേ, തന്റെ കുടുംബം സുരക്ഷിതമായ അവസ്ഥയിലല്ലെന്ന ഭയവും അവര്‍ക്കുണ്ട്. ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും അവര്‍ പറയുന്നു.
മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം ഹെറാത്തിലുള്ളതിനാല്‍ അവര്‍ സുരക്ഷിതരല്ലെന്ന് ഫരീബ ഭയക്കുന്നു.തന്റെ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ തന്റെ പേരില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഒരിക്കലും സ്വയം ക്ഷമിക്കാന്‍ കഴിയില്ലെന്ന ആശങ്കയും അവര്‍ക്കുണ്ട്. ഹെറാത്തില്‍ ഇന്റര്‍നെറ്റ് വളരെ ദുര്‍ബലമായതിനാല്‍ വൈഫൈ ലഭിക്കാനും ബുദ്ധിമുട്ടുണ്ട്. വീഡിയോ കോള്‍ ചെയ്യാനും കുടുംബാംഗങ്ങളെ കാണാനുമൊക്കെ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
ഇന്ത്യന്‍ അധികാരികള്‍ തനിക്ക് അഭയാര്‍ഥി കാര്‍ഡ് അനുവദിക്കുമെന്ന പ്രതീക്ഷയാണ് ഫരീബ പങ്കുവെക്കുന്നത്. അത്തരമൊരു കാര്‍ഡ് കിട്ടിയാല്‍ തനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവുമെന്നും അവര്‍ ചിന്തിക്കുന്നുണ്ട്.
ഒരു അഫ്ഗാനി യൂട്യൂബര്‍ തന്റെ വീഡിയോ ചിത്രീകരിച്ച് ചാനലില്‍ പോസ്റ്റ് ചെയ്തതോടെ താന്‍ ഡല്‍ഹിയിലുണ്ടെന്ന വിവരം ഭര്‍ത്താവ് മനസ്സിലാക്കിയെന്ന ഭയവും ഫരീബ പങ്കുവെക്കുന്നു. തന്റെ പെണ്‍മക്കള്‍ പരിഭ്രാന്തിയിലാണെന്നും അവര്‍ പറയുന്നു. റോഡിലൂടെ നടക്കുമ്പോള്‍ പോലും ആരെങ്കിലും പിന്നില്‍ നിന്നും തന്നെ ആക്രമിക്കുമെന്നും പെണ്‍മക്കളെ തട്ടിക്കൊണ്ടു പോകുമെന്നും ഭയക്കുന്നതായും ഫരീബ വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ തനിക്ക് അഭയം തന്നിട്ടുണ്ടെങ്കിലും ഇവിടം വിടണമെന്ന ചിന്തയും ഫരീബയില്‍ ശക്തമാകുന്നുണ്ട്. അതിന് സര്‍ക്കാറിന്റെ സഹായം വേണമെന്ന ആവശ്യവും ഫരിബ മുന്നോട്ടുവെക്കുന്നു.

Share This Article
Leave a Comment
error: Content is protected !!