സോഷ്യലിസ്റ്റായ മുഹമ്മദ് നബി

Web Desk
7 Min Read

മനുഷ്യ കുലത്തിന്റെ ചരിത്രഗതിയെ തന്നെ ശക്തമായി സ്വാധീനിച്ച വിപ്ലവകാരിയാണ് മുഹമ്മദ് നബി. ഇരുള്‍മുറ്റിയ നാളുകളില്‍ മാനവിക സമൂഹത്തെ സമത്വത്തിന്റെയും സഹവര്‍തിത്വത്തിന്റെയും നീതിബോധത്തിന്റെയും വെളിച്ചമേകി പുതുപാതയിലൂടെ അദ്ദേഹം വഴിനടത്തി. പരസ്പര ശത്രുതയുടെയും വര്‍ഗവര്‍ണ വെറിയുടെയും കാലുഷ്യം നിറഞ്ഞ ചരിത്രപരിസരത്ത് നിന്ന് മാനവരാശിയെ മുഴുവന്‍ മുഹമ്മദ് അഭിസംബോധന ചെയ്തത് ‘ഹേ മനുഷ്യരേ’ എന്നു വിളിച്ചു കൊണ്ടാണ്. മനുഷ്യ സമൂഹത്തെ ഒരേ മാതാപിതാക്കളുടെ മക്കളായും ഏകോതര സഹോദരന്മാരായും മുഹമ്മദ് നബി കണ്ടു. മക്കയിലെ ധനികരായ അധികാരിവര്‍ഗങ്ങളുടെ അമിതാധികാര പ്രയോഗത്തിനെതിരെ പ്രവാചകന്‍ സധൈര്യം പൊരുതി. പരിധികളില്ലാത്ത ചൂഷണങ്ങള്‍ക്കും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും വിധേയരായിരുന്ന തൊഴിലാളികളും അടിമകളും പാവങ്ങളും ആയിരുന്ന തന്റെ ആദ്യകാല അനുയായികള്‍ക്കായി ജീവന്‍ പണയപ്പെടുത്തി അടരാടി.

city exchange

നൂറ്റാണ്ടുകളുടെ ചൂഷണത്തിന്റെയും അസമത്വത്തിന്റെയും നീറുന്ന വേദന പേറിയ അറേബ്യന്‍ ജനത മുഹമ്മദ് നബിയുടെ ആഗമനത്തോടെ ഒരു പുതിയ യുഗം സ്വപ്നം കണ്ടു. അധികാരി വര്‍ഗ്ഗവും സമ്പന്നരും വരേണ്യരും മുഹമ്മദിന്റെ സമത്വ വാദത്തെ ശക്തമായി എതിര്‍ത്തു. സമ്പത്തിന്റെ വികേന്ദ്രീകരണത്തിലൂടെ മാത്രമേ മനുഷ്യര്‍ക്ക് സാമ്പത്തിക അടിമത്വത്തില്‍ നിന്ന് മോചനമുണ്ടാകൂ എന്നായിരുന്നു പ്രവാചകന്റെ പക്ഷം. ബ്രിട്ടീഷ് എഴുത്തുകാരി കാരണ്‍ ആംസ്‌ട്രോങ്ങ് ‘Islam A Short History’ എന്ന പുസ്തകത്തിന്റെ പ്രഥമ അധ്യായത്തില്‍ മുഹമ്മദിന്റെ കാഴ്ചപ്പാടുകളെ ക്രോഡീകരിച്ച് പറഞ്ഞത് ഇങ്ങിനെയാണ്: ‘സ്വകാര്യ സമ്പാദ്യം കുന്നുകൂട്ടി വെക്കുന്നത് പാപമാണെന്ന് മുഹമ്മദ് പ്രഖ്യാപിച്ചു. സമ്പത്ത് പരസ്പരം പങ്കിടുകയും ദുര്‍ബലരെയും ശേഷി കുറഞ്ഞവരെയും ആദരവോടെ പരിഗണിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതാണ് നന്‍മയെന്നും അദ്ദേഹം സിദ്ധാന്തിച്ചു’.

വരേണ്യ ഗോത്രങ്ങളും അധികാരി വര്‍ഗ്ഗവും മുഹമ്മദിന്റെ അധ്യാപനങ്ങളെ കേവലമൊരു വിശ്വാസ വ്യതിചലനമായല്ല, തങ്ങളുടെ പരമ്പരാഗത സാമ്പത്തിക അധികാര താല്‍പര്യങ്ങളുടെ നേര്‍ക്ക് സമത്വത്തിന്റെ വാള്‍ ചുഴറ്റിയ അപകടകാരിയായാണ് കണ്ടത്. അതുകൊണ്ടാണ് മുഹമ്മദ് നബിയെ പിന്തുടര്‍ന്നവര്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടതും നാടു കടത്തപ്പെട്ടതും. അത്തരമൊരു പതിത സമൂഹത്തിന്റെ വര്‍ഗ സമര സങ്കല്‍പ്പങ്ങളുടെ സുന്ദരമായ വിജയ മുഹൂര്‍ത്തങ്ങളായാണ് ബദര്‍യുദ്ധ വിജയവും മക്ക ജയിച്ചടക്കിയ ഐതിഹാസിക സംഭവവും ഗണിക്കപ്പെടുന്നത്. ഉള്ളവര്‍ ശത്രുപക്ഷത്തും ഇല്ലാത്തവര്‍ മുഹമ്മദിന്റെ പക്ഷത്തും അണിനിരന്നു. വര്‍ഗ്ഗവെറിയന്മാര്‍ മുഹമ്മദിനെ എതിര്‍ത്തു. വെള്ളത്തൊലിയില്‍ മാഹാത്മ്യമില്ലെന്ന മുഹമ്മദ് നബിയുടെ വാദം അംഗീകരിച്ചവര്‍ അദ്ദേഹത്തിന് പ്രതിരോധ കവചം തീര്‍ത്തു.

- Advertisement -
Ad image

ജന്മനാടായ മക്കയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജന്മദേശത്തേക്ക് ആധികാരികമായി തിരിച്ചെത്തി. ക്രൂരത ചെയ്തവര്‍ക്ക് മുന്നില്‍ മുഹമ്മദും കൂട്ടരും ദയയുടെ പര്‍വ്വം തീര്‍ത്തു.’നിങ്ങള്‍ സ്വതന്ത്രരാണ്. ആരും നിങ്ങളോട് പ്രതികാരം ചെയ്യില്ലെന്ന്’ വിജയദിനത്തില്‍ മക്കാ നിവാസികളോട് മുഹമ്മദ് ഉദ്‌ഘോഷിച്ചു. മുഹമ്മദ് നബിയുടെ ജീവിത കാലത്ത് ഇസ്‌ലാമിക വ്യവസ്ഥിതിയുടെ സംസ്ഥാപനത്തിനായി നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. പ്രവാചകത്വം ലഭിച്ച് മുഹമ്മദ് നബി മരണപ്പെടുന്നത് വരെയുള്ള 23 വര്‍ഷ കാലയളവില്‍ ഉണ്ടായ യുദ്ധങ്ങളില്‍ മുസ്‌ലിം പക്ഷത്തും ശത്രുപക്ഷത്തും കൂടി മരിച്ചവരുടെ എണ്ണം കേവലം ആയിരത്തില്‍ താഴെയാണ്. മനുഷ്യജീവന് ഇസ്‌ലാം കല്‍പ്പിക്കുന്ന വിലയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഏറ്റവും കുറഞ്ഞ മനുഷ്യജീവനുകളുടെ പിന്‍ബലത്തിലാണ് മുഹമ്മദ് ഒരു രാഷ്ട്ര നിര്‍മ്മിതി യാഥാര്‍ഥ്യമാക്കിയത്. പ്രതിരോധത്തിനായി യുദ്ധത്തിന് പോകുന്ന യോദ്ധാക്കളോട് നബി പറഞ്ഞത് ഇപ്രകാരമാണ്: ‘സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഉപദ്രവിക്കരുത്. അവരെ കൊല്ലരുത്. ഇങ്ങോട്ട് അക്രമിക്കാന്‍ വരുന്നവരെ മാത്രം നേരിടുക. ഫലവൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുത്. ജലാശയങ്ങള്‍ മലിനമാക്കരുത്. സമാധാനം കാംക്ഷിച്ച് വെള്ളക്കൊടി എതിരാളികളുടെ ഭാഗത്തുനിന്നുയര്‍ന്നാല്‍ അവരോട് സന്ധി ചെയ്യണം’. പ്രവാചകന്‍ മുഹമ്മദ് നബി അറേബ്യയില്‍ സാധ്യമാക്കിയ വിപ്ലവത്തിന്റെ സൗന്ദര്യവും പ്രസക്തിയും മേല്‍ പ്രഖ്യാപനത്തില്‍ നിന്ന് ആര്‍ക്കും ബോദ്ധ്യമാകും. മാനവികതയുടെ പരമമായ പ്രഘോഷണമായാണ് അതിനെ ചരിത്രം രേഖപ്പെടുത്തിയത്.

ഗോത്രപ്പോരും ജാതിവ്യവസ്ഥയും അരങ്ങ് വാണിരുന്ന ഒരു ജനതയെയാണ് സമാനതകളില്ലാത്ത പരിവര്‍ത്തനത്തിന് മുഹമ്മദ് വിധേയമാക്കിയത്. ഭൂതകാലത്തെ ഉജ്ജ്വലമായ സാമൂഹിക പരിഷ്‌കരണത്തിന്റെ മാതൃകയായാണ് പ്രവാചകന്റെ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തപ്പെട്ടത്. തൊഴിലാളിയുടെയും പാവപ്പെട്ടവന്റെയും വേദനക്ക് ഒപ്പമായിരുന്നു മുഹമ്മദിന്റെ പ്രത്യയശാസ്ത്രം എപ്പോഴും ചേര്‍ന്നുനിന്നത്. നബിയോട് ഒരിക്കല്‍ അനുചരന്‍മാരില്‍ ഒരാള്‍ ഏത് കര്‍മമാണ് അത്യുത്കൃഷ്ടവും അത്യുതാത്തവും എന്ന് ചോദിച്ചു.’കൈ കൊണ്ട് അധ്വാനിച്ച് ജീവിക്കുന്നതിനേക്കാള്‍ വലിയ നന്മ വേറെയില്ലെ’ന്നായിരുന്നു നബി തിരുമേനിയുടെ മറുപടി. തന്റെ അടുക്കലേക്ക് യാചിച്ച് വന്ന വ്യക്തിയോട് വീട്ടിലെ പാത്രങ്ങള്‍ കൊണ്ടുവരാന്‍ മുഹമ്മദ് കല്‍പ്പിച്ചു. അവ തന്റെ അനുചരന്മാര്‍ക്ക് വിറ്റു. കിട്ടിയ കാശ് കൊണ്ട് ഒരു മഴു വാങ്ങിച്ചു. അത് അയാളുടെ കയ്യില്‍ നല്‍കി അധ്വാനിക്കാന്‍ ആവശ്യപ്പെട്ട സംഭവവും പ്രവാചക ചരിത്രത്തില്‍ കാണാം. മതം അധ്വാനിക്കാതെ ഉപജീവനം നടത്താനുള്ള കുറുക്കുവഴിയല്ലെന്ന് തന്നെ പിന്‍പറ്റിയവരെ നബി പഠിപ്പിച്ചു. തൊഴിലിനെയും തൊഴിലാളികളെയും വളരെയധികം ഇസ്‌ലാം പ്രോത്സാഹിപ്പിച്ചു. ‘നിങ്ങള്‍ തൊഴിലാളിക്ക് അവന്റെ വിയര്‍പ്പ് വറ്റും മുമ്പ് തന്നെ വേതനം നല്‍കുക’ മുഹമ്മദ് നബി വളച്ചുകെട്ടില്ലാതെ പറഞ്ഞു. അന്യന്റെ അവകാശങ്ങള്‍ ഒരണുമണിത്തൂക്കം കവര്‍ന്നെടുക്കരുതെന്നാണ് പ്രവാചകന്‍ ഉദ്‌ബോധിപ്പിച്ചത്. സാമ്പത്തിക ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്താത്തവന്റെ ആരാധനകള്‍ വൃഥാവിലാണെന്ന് മുഹമ്മദ് ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. മനുഷ്യനെ ചൂഷണം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗം അപ്രാപ്യമാണെന്ന് നബി തിരുമേനി അരുളി. ആധുനിക മനുഷ്യാവകാശ സങ്കല്‍പ്പങ്ങള്‍ പിറവി കൊള്ളുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് മുഹമ്മദിന്റെ ഈ അവകാശ പ്രഖ്യാപനമെന്ന് ഓര്‍ക്കുക.

അടിമ സംമ്പ്രദായം അതിന്റെ പാരമ്യതയില്‍ നില്‍ക്കുമ്പോഴാണ്, അടിമയുടെ അവകാശങ്ങളെ കുറിച്ചും അവരോടുള്ള പെരുമാറ്റരീതിയെ കുറിച്ചും പ്രവാചകന്‍ സുവ്യക്തമാക്കിയത്. പ്രായോഗിക തലത്തില്‍ അടിമ സമ്പ്രദായം, നിലനിര്‍ത്തിക്കൊണ്ടുപോകാനാകാത്ത വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് അതിനെ മുഹമ്മദ് നബി നിരുല്‍സാഹപ്പെടുത്തി. ഉടമ ഭക്ഷിക്കുന്നതും ഉടുക്കുന്നതും അടിമക്കും നല്‍കണമെന്ന് കല്‍പ്പിച്ചു. അടിമ മോചനത്തെ മഹാപുണ്യമായി പ്രഖ്യാപിച്ചു. അധ്വാനിക്കുന്നവന്റെ വിയര്‍പ്പിനെയും അടിമയുടെ അഭിമാനത്തെയും അതീവ ഗൗരവത്തോടെയാണ് മുഹമ്മദ് സമീപിച്ചത്.

ചൂഷണാധിഷ്ടിത വ്യവഹാരങ്ങളെ പ്രവാചകന്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഊഹക്കച്ചവടം നിഷിദ്ധമാക്കി. അളവിലും തൂക്കത്തിലും കുറച്ച്, ആളുകളെ പറ്റിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കൊള്ളലാഭവും നിഷിദ്ധമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ചൂഷണോപാധിയായ പലിശ എന്നന്നേക്കുമായി നിരോധിച്ചു. ആധുനിക മുതലാളിത്ത സാമ്പത്തിക സംസ്‌കാരത്തെയും അവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വലിയ സാമ്പത്തിക വിടവിനെയും മുഹമ്മദ് ഒരുഘട്ടത്തിലും അംഗീകരിച്ചില്ല. ചൂതാട്ടവും മദ്യപാനവും മയക്കുമരുന്നുപയോഗവും ലൈംഗിക അരാജകത്വവും നിഷിദ്ധമാക്കി. കച്ചവടത്തിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും സത്യസന്ധത പുലര്‍ത്താത്തവന് വിശ്വാസിയാകാന്‍ ആവില്ലെന്ന് വളച്ചുകെട്ടില്ലാതെ മുഹമ്മദ് നബി പ്രഖ്യാപിച്ചു. ധനം ഒരിടത്ത് മാത്രം കുന്നുകൂടുകയും ദരിദ്രരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന മുതലാളിത്ത സമ്പദ്ഘടനക്ക്, ‘സക്കാത്ത്’ അഥവാ നിര്‍ബന്ധ ദാനം എന്ന ഒഴിച്ചുകൂടാനാവാത്ത ബാധ്യത കൊണ്ട് ഒരു ‘പ്രായോഗിക ബദല്‍’ അദ്ദേഹം മുന്നോട്ടുവെച്ചു. ഭരണചുമതലകള്‍ നിര്‍വ്വഹിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാറിന് നല്‍കുന്ന നികുതിക്ക് പുറമെയാണ് ഈ നിര്‍ബന്ധ ദാനം. സാമൂഹിക നീതിയും സാമ്പത്തിക സമത്വവും കൃത്യമായി നടപ്പിലാക്കുകയാണ് മുഹമ്മദ് ചെയ്തത്. നല്‍കുന്നവന്റെ ഔദാര്യമല്ല ‘സക്കാത്തെന്ന്’ കണിശമായി അടിവരയിട്ടു. മ്പമ്പന്നന്റെ സമ്പത്തിലുള്ള പാവപ്പെട്ടവന്റെ അവകാശമാണതെന്ന് നബി തിരുമേനി വിളംബരം ചെയ്തു. മുഹമ്മദ് നബി മുന്നോട്ടുവെച്ച സാമൂഹിക നീതിയുടെ കൃത്യമായ ആവിഷ്‌കാരങ്ങളായേ ഇവയെ എല്ലാം വിലയിരുത്താനാകൂ.

മക്കയില്‍ നിന്ന് അടിച്ചിറക്കപ്പെട്ട് മദീനയിലേക്ക് പലായനം ചെയ്ത ‘മുഹാജിറുകളെ’ (പലായനം ചെയ്‌തെത്തിയവര്‍) മദീനയിലെ അനുയായികള്‍ തങ്ങളുടെ സമ്പത്തിന്റെയും പാര്‍പ്പിടത്തിന്റെയും പകുതി നല്‍കിയാണ് സ്വാഗതം ചെയ്തത്. വ്യക്തിപരതയുടെ (Individualism)യും, സ്വാര്‍ഥതയുടെയും ലോകത്ത് പങ്കുവെക്കലിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വലിയ സോഷ്യലിസ്റ്റ് മാതൃകയാണ് മുഹമ്മദ് നബി കാണിച്ചത്. പരാധീനതകള്‍ അനുഭവിക്കുന്നവരെ സാമ്പത്തികമായും മാനസികമായും സഹായിക്കുന്നതിന്റെ പ്രാധാന്യത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. നിര്‍ബന്ധ ദാനത്തിനു പുറമെ ‘സ്വദഖ’ (ദാനം) വളരെ പുണ്യ പ്രവര്‍ത്തിയായാണ് അനുയായികള്‍ക്ക് നബി പരിചയപ്പെടുത്തിയത്. അനാഥ സംരക്ഷണം വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം എണ്ണി. മനുഷ്യനോട് ചെയ്യുന്ന പാപങ്ങള്‍ക്ക് ദൈവത്തോട് പൊറുക്കലിനെ തേടിയിട്ട് യാതൊരു പ്രയോജനവുമില്ലെന്ന് മുഹമ്മദ് പ്രബോധനം ചെയ്തു.

ആര്‍ഭാടങ്ങളെയോ ദുര്‍വ്യയങ്ങളെയോ പ്രവാചകന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല. ലളിതമായ ജീവിതമാണ് തിരുമേനി നയിച്ചത്. മദീനയിലേക്ക് പലായനം ചെയ്തതിനു ശേഷം വിവിധ ദേശക്കാര്‍ പ്രവാചകന്റെ അനുയായികളായതോടെ ഇസ്ലാം കൂടുതല്‍ നാടുകളിലേക്ക് വികസിച്ചപ്പോഴും ഒരു ‘ഫഖീറായി’ (ദരിദ്രന്‍) ജീവിക്കാനാണ് മുഹമ്മദ് താല്‍പര്യപ്പെട്ടത്. ‘തന്റെ ജനതക്ക് ദാരിദ്ര്യം വന്നുഭവിക്കുന്നതിനെയല്ല, അവരില്‍ സമ്പത്ത് കുമിഞ്ഞുകൂടുന്നതിനെയാണ് താന്‍ ഭയപ്പെടുന്നതെന്ന്’ വിശുദ്ധ പ്രവാചകന്‍ മൊഴിഞ്ഞു. മദീനയില്‍ ലളിതവും എന്നാല്‍ സുഭദ്രവുമായ ഭരണ സംവിധാനം നബി സ്ഥാപിച്ചു. അധികാരത്തിന്റെ മേല്‍ക്കോയ്മയും ശക്തിയും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. പരസ്പരം പോരടിച്ചിരുന്ന സങ്കീര്‍ണ്ണമായ ഗോത്ര സമവാക്യങ്ങള്‍ മുഹമ്മദ് നബി തിരുത്തിയെഴുതി. മദീനയില്‍ എത്തിയ ഉടനെ ”മദീന ചാര്‍ട്ടര്‍’ എന്ന പേരില്‍ അറിയപ്പെട്ട ഭരണഘടനക്ക് രൂപം നല്‍കി. മദീനയിലെ പ്രബലരായ ജൂത- ക്രൈസ്തവ വിഭാഗങ്ങളോട് നിങ്ങള്‍ക്ക് നിങ്ങളുടെ മതം, ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം എന്ന സമീപനമാണ് മുഹമ്മദ് കൈക്കൊണ്ടത്. പരസ്പര ബഹുമാനത്തോടെയും സഹോദര സമുദായങ്ങളെ അംഗീകരിച്ച് കൊണ്ടുമാണ് മുഹമ്മദ് തന്റെ ഭരണ സംവിധാനം മുന്നോട്ട് ചലിപ്പിച്ചത്.

ലോകത്ത് മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒന്നാണ് മക്കയില്‍ മുഹമ്മദ് നടത്തിയ വിടവാങ്ങല്‍ പ്രസംഗം. മനുഷ്യന്റെ ജീവനും സ്വത്തിനും അഭിമാനത്തിനും വിശുദ്ധ കഅബാലയത്തോളവും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തോളവും പവിത്രതയുണ്ടെന്നാണ് നബി തന്റെ അവസാന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്. മുഹമ്മദ് നബി ഒരു തവണയേ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചിട്ടുള്ളൂ. ആ ഹജ്ജിന്റെ വേളയില്‍ അറഫാ മൈതാനിയില്‍ തടിച്ചുകൂടിയ വിവിധ ദേശക്കാരെയും വിഭിന്ന സംസ്‌ക്കാരക്കാരെയും മുന്‍ നിര്‍ത്തി, ലോകമാകെ പ്രചരിപ്പിക്കുക എന്ന് ആവശ്യപ്പെട്ട്, അദ്ദേഹം പ്രഖ്യാപിച്ചത് മുഴുവന്‍ മനുഷ്യാവകാശങ്ങളെ കുറിച്ചാണ്. കാലുഷ്യം നിറഞ്ഞ വര്‍ത്തമാന ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സമഭാവനയുടെയും പ്രസരണത്തിനാവട്ടെ പ്രവാചകനെ അനുസ്മരിക്കുന്ന നബിദിനാഘോഷങ്ങള്‍.

Share This Article
Leave a Comment
error: Content is protected !!