

ചെന്നൈ: സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് പുതുച്ചേരിയില്‍ അച്ഛനും മകനും മരിച്ചു. കലൈയരശനും അദ്ദേഹത്തിന്റെ ഏഴ് വയസുകാരനായ മകന്‍ പ്രദീഷുമാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കാട്ടുക്കുപ്പത്താണ് സംഭവം നടന്നത്. ഭാര്യവീട്ടില്‍ പോയി മകനേയും കൂട്ടി ദീപാവലി ആഘോഷിക്കാന്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു കലൈയരശന്‍. രണ്ട് വലിയ സഞ്ചിയില്‍ പടക്കം വാങ്ങിയായിരുന്നു ഇവര്‍ മടങ്ങിയത്. മകനെ സ്‌കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തി സൈഡില്‍ പടക്കം വെച്ചായിരുന്നു യാത്ര. യാത്രക്കിടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും പ്രദീഷും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
