ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു

Web Desk
2 Min Read

ചെന്നൈ: ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവും പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനുമായ പത്മഭൂഷണ്‍ എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.

city exchange

ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ചതില്‍ നിര്‍ണായക സംഭാവന നല്‍കിയ എം എസ് സ്വാമിനാഥന്‍ ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് മാങ്കൊമ്പില്‍ 1925 ആഗ്സത് ഏഴിന് ഡോ. എം കെ സാംബശിവന്റെയും പാര്‍വതി തങ്കമാളിന്റെയും മകനായാണ് ജനിച്ചത്. മാങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്നതാണ് എം എസ് സ്വാമിനാഥന്റെ പൂര്‍ണരൂപം.

1972 മുതല്‍ 79 വരെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ച അദ്ദേഹം ഇന്ത്യന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കര്‍ഷക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ നിലകളില്‍ മികവ് തെളിയിച്ചിട്ടുണ്ട്.

- Advertisement -
Ad image

1967ല്‍ അദ്ദേഹത്തിന് പത്മശ്രീയും 1972ല്‍ പത്മഭൂഷണും 1989ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു. കൂടാതെ റമണ്‍ മാഗ്സസെ പുരസ്‌ക്കാരം, ഫ്രങ്ക്ലിന്‍ റൂസ്വെല്‍റ്റ് പുരസ്‌ക്കാരം, കേരള ശാസ്ത്ര പുരസ്‌കാരം, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോര്‍ലോഗ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ (പഴയ മഹാരാജാസ് കോളേജ്) നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ കൃഷി ശാസ്ത്രത്തില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1947ലാണ് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ ചേര്‍ന്നത്. തുടര്‍ന്ന് യുനെസ്‌കോ ഫെല്ലോഷിപ്പോടെ നെതര്‍ലന്‍ഡ്സില്‍ ഗവേഷണം നടത്തി.

എട്ട് മാസത്തോളം നെതര്‍ലന്‍ഡ്സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്സിലെ വാഗെനിംഗന്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയില്‍ അംഗമായി. 1950ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിന് ചേര്‍ന്നു. 1952-ല്‍ പി എച്ച് ഡി നേടി. വിസ്‌കോണ്‍സിന്‍ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് അസോസിയേറ്റ്ഷിപ്പ് സ്വീകരിച്ചു.

1954ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ എം എസ് സ്വാമിനാഥന്‍ കട്ടക്കിലെ സെന്‍ട്രല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ബോട്ടണിസ്റ്റായി താത്കാലിക ജോലിയില്‍ പ്രവേശിച്ചു. 1954 ഒക്ടോബറില്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേര്‍ന്നു. പിന്നീട് അമേരിക്കന്‍ ശാസ്ത്രജ്ഞനായ നോര്‍മന്‍ ബോര്‍ലോഗുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു.

ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കിയ എം എസ് സ്വാമിനാഥന്‍ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുത്ത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിച്ചു. 1971ല്‍ ഭക്ഷ്യോത്പാദനത്തില്‍ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവണ്‍മെന്റ് പ്രഖ്യാപിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ എം എസ് സ്വാമിനാഥനെന്ന പ്രതിഭയുടെ പങ്ക് വളരെ വലുതായിരുന്നു.

1943ല്‍ ബംഗാളിലുണ്ടായ കടുത്ത ഭക്ഷ്യ ക്ഷാമമാണ് രാജ്യത്തെ വിശപ്പ് രഹിതമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം സമര്‍പ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 20-ാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാള്‍ ഇദ്ദേഹമാണെന്ന് ടൈംസ് മാഗസിന്‍ വിശേഷിപ്പിച്ചിരുന്നു. മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയില്‍നിന്ന് ഈ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍.

കേംബ്രിഡ്ജില്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട മിന സ്വാമിനാഥനാണ് ഭാര്യ. മക്കള്‍: സൗമ്യ, മധുര, നിത്യ.

Share This Article
Leave a Comment
error: Content is protected !!