Featured
ഇന്ത്യയിലെ കോവിഡ് മരണങ്ങള് ഏറ്റവും വലിയ മനുഷ്യ ദുരന്തമെന്ന് കണ്ടെത്തല്‍
ന്യൂയോര്‍ക്ക്: ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണസംഖ്യയേക്കാള്‍ പത്തു മടങ്ങ് കൂടുതലാണ് യാഥാര്‍ഥ്യമെന്ന് സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്മെന്റിന്റെ പഠനം. ഇന്ത്യയിലെ മരണസംഖ്യ കൂടുതലാണെന്ന് ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യാ ഗവണ്മെന്റിന്റെ ഔദ്യോഗിക കോവിഡ് മരണസംഖ്യ നാല് ലക്ഷമാണ്. എന്നാല്‍ ജനുവരി 2020 മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ 34 മുതല്‍ 47 വരെ ലക്ഷം ജനങ്ങള്‍ മരിച്ചുവെന്നാണ് ഗവേഷകര്‍ പറയുന്നത്. യഥാര്‍ഥ മരണങ്ങള് ലക്ഷങ്ങളല്ല ദശലക്ഷങ്ങളാണെന്ന് പറയുന്ന ഗവേഷകര്‍ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ ദുരന്തമാണെന്നും വിശദീകരിക്കുന്നു.
ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 414,000 ആണെന്ന ഔദ്യോഗിക കണക്ക് വളരെ കുറവാണെന്ന് മിക്ക വിദഗ്ധരും വിശ്വസിക്കുന്നു. എന്നാല്‍ ഇത് അതിശയോക്തിപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത്.
ഇന്ത്യാ സര്‍ക്കാറിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്മെന്റിന്റേയും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലേയും മറ്റു രണ്ടു ഗവേഷകരുമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കോവിഡ് കുതിച്ചു ചാട്ടമുണ്ടായപ്പോഴാണ് കണക്കില്‍ വലിയ വ്യത്യാസമുണ്ടായതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യ പാകിസ്താന് കൂടിയായി വിഭജിക്കപ്പെട്ടതോടെ ഹിന്ദു- മുസ്ലിം സംഘര്‍ഷത്തില്‍ ഒരു ദശലക്ഷം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ അണുബാധയില്‍ രണ്ട് ദശലക്ഷം ഇന്ത്യക്കാര്‍ മരിച്ചുവെന്നും ദുരന്തത്തിന്റെ തോത് തത്സമയം ഗ്രഹിക്കാതിരുന്നത് ഈ വര്‍ഷം തുടക്കത്തില്‍ കൂട്ടായ അലംഭാവം വളര്‍ത്താന്‍ ഇടയാക്കിയെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
കുറച്ചു മാസങ്ങളായി മുമ്പു റിപ്പോര്‍ട്ട് ചെയ്യാത്ത ആയിരക്കണക്കിന് കേസുകള്‍ കണ്ടെത്തിയതിന് ശേഷം ചില ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അവയുടെ കോവിഡ് മരണസംഖ്യ വര്‍ധിപ്പിച്ചു. കൂടുതല്‍ മരണങ്ങള് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന ആശങ്ക ഉയര്‍ത്താന്‍ ഇത് കാരണമായി.
ഇന്ത്യയുടെ മരണനിരക്കുകള്‍ പരിശോധിക്കുന്ന മുറാദ് ബാനജി ഇന്ത്യയിലെ കോവിഡ് കണക്കുകളില്‍ കുറവുണ്ടെന്ന സംശയങ്ങള്‍ സ്ഥിരീകരിക്കുന്നതായി അറിയിച്ചു.


