

ദോഹ: മതപരമായി യാതൊരു വിവേചനവുമില്ലാത്ത പ്രദേശമായാണ് മലപ്പുറം ഉള്‍പ്പെടുന്ന മലബാറിനെ പതിനാറാം നൂറ്റാണ്ടില്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീനില്‍ സൈനുല്‍ മഖ്ദൂം പരിചയപ്പെടുത്തുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മജസ്റ്റിഖ് ലോഞ്ചിനോടനുബന്ധിച്ച് നടത്തിയ മലപ്പുറം ജില്ലാ വികസനം വര്‍ത്തമാനം ഭാവി സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌നേഹത്തിന്റേയും വാത്സല്യത്തിന്റേയും വലിയ കാരുണ്യ സ്പര്‍ശം നിലനിന്നിരുന്ന സമൂഹമായിരുന്നു മലബാറിലേതെന്നും തുഹ്ഫത്തുല്‍ മുജാഹിദീന്‍ പറയുന്നു.

സാമൂതിരിയുടെ കാലത്ത് അറബികളുമായുള്ള വാണിജ്യ ബന്ധത്തിലൂടെ സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാന്‍ നാടിന് സാധിച്ചിരുന്നു. കോഴിക്കോട് കടപ്പുറത്ത് കച്ചവടത്തിന് വന്നിരുന്ന അറബികള്‍ നമ്മുടെ നാട്ടിലെ ഏലവും കുരുമുളകും ചുക്കുമൊക്കെ കയറ്റിക്കൊണ്ടു പോവുക മാത്രമല്ല അതിന്റെ ലാഭത്തിന്റെ വിഹിതവും നികുതിയും സാമൂതിരിക്ക് നല്‍കുകയും ചെയ്തിരുന്നു. അതുവഴിയാണ് നാട് വികസിക്കാനുള്ള വഴിയൊരുക്കിയത്.
മലപ്പുറത്തെ നദികളൊഴുകിയ വഴികളിലൂടെ സഞ്ചരിച്ചാല്‍ മലപ്പുറത്തിന്റെ സംസ്‌കൃതിയേയും വാണിജ്യ ബന്ധത്തേയും കുറിച്ചുള്ള അറിവുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തിലെ ഒരു വിഭാഗത്തിന് സമുദ്ര സഞ്ചാരം പാടില്ലെന്ന നിയമമുണ്ടായിരുന്നതിനാല്‍ സാമൂതിരി രാജാവ് തന്റെ പ്രജകളില്‍ ചിലരെ മുസ്‌ലിംകളാകാന്‍ പ്രേരിപ്പിച്ചിരുന്നു. മാത്രമല്ല ക്ഷേത്രത്തിന് വേണ്ടി പൂജ ചെയ്തുവെച്ച കല്ലുകള്‍ ഉപയോഗിച്ച് പള്ളിയുണ്ടാക്കാന്‍ അനുമതി കൊടുത്ത ചരിത്രവും സാമൂതിരി രാജാവിനുണ്ടെന്നും ആര്യാടന്‍ ഷൗക്കത്ത് ചൂണ്ടിക്കാട്ടി.
സാമ്രാജ്യത്വത്തെ എതിര്‍ക്കാന്‍ മാപ്പിളമാരും മറ്റു സമുദായങ്ങളും ഒന്നിച്ചു ചേര്‍ന്ന് ധീരമായ സമരം നടത്തിയ മലബാറില്‍ ബ്രിട്ടീഷുകാര്‍ അധികാരം പിടിച്ചടക്കുന്നതുവരെ മാപ്പിളമാരുടെ യാതൊരുവിധ മോശം മുഖവും കണ്ടിരുന്നില്ല. സാമ്രാജ്യത്വത്തിനും ജന്മികള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ മാപ്പിളമാര്‍ എല്ലാ കാലത്തും രംഗത്തുണ്ടായിരുന്നു.
മലബാര്‍ കലാപത്തിന്റെ തുടക്കം ജന്മിത്വത്തിനെതിരെയുള്ള കര്‍ഷകരുടെ പോരാട്ടത്തിലൂടെയായിരുന്നു. പിന്നീടത് വഴി മാറിയിട്ടുണ്ടെങ്കിലും ചരിത്രം തുടങ്ങിയത് നിവര്‍ന്നു നിന്ന് ചോദ്യം ചെയ്യുന്നതിലൂടെയായിരുന്നു.
ജന്മികള്‍ക്കും സാമ്രാജ്യത്വത്തിനുമെതിരെ യുദ്ധം നടത്തിയ ഇന്ത്യയെ ഇപ്പോള്‍ വര്‍ഗ്ഗീയമായി വിഭജിക്കാനാണ് ശ്രമിക്കുന്നത്. നഗരങ്ങളുടെ പേരുമാറ്റാന്‍ ശ്രമിക്കുന്ന ഭരണകൂടം മീററ്റന് നല്‍കാന്‍ ഉദ്ദേശിക്കുന്ന പേര് ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടേതാണ്.
ഇന്ത്യയെ പാകിസ്താന്‍ കൂടിയായി വിഭജിക്കുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിച്ചവരിലൊരാള്‍ അബുല്‍ കലാം ആസാദായിരുന്നു. ഫലസ്തീനില്‍ ജൂത കുടിയേറ്റമുണ്ടാകുമ്പോള്‍ അതിനെതിരെ യൂറോപ്യന്‍മാരോട് ശക്തമായി പ്രതികരിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു.
മതനിരാസമല്ല മതേതരത്വമെന്ന് പറഞ്ഞ ആര്യാടന്‍ ഷൗക്കത്ത് പരസ്പരം വെറുക്കുന്നതിന് പകരം സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന നാടാണ് മലപ്പുറമെന്നും വിശദമാക്കി. മലബാറിന്റേയും മലപ്പുറത്തിന്റേയും പോരാട്ടമാണ് കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിന് വിത്തുപാകിയതെന്നും അദ്ദേഹം പറഞ്ഞു.

