

കോളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ പൊലീസ് വെടിവെച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്.

പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. കൊളംബോയില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള മധ്യ ശ്രീലങ്കയിലെ റംബുക്കാനയിലാണ് ജനങ്ങള്‍ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ചത്. റംബുക്കാന പൊലീസ് ഡിവിഷനില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി പൊലീസ് വക്താവ് അറിയിച്ചു. മധ്യ ശ്രീലങ്കന്‍ നഗരമായ കാന്‍ഡി മുതല്‍ തലസ്ഥാനമായ കൊളംബോ വരെ പ്രതിഷേധം നടക്കുന്നുണ്ട്.

ജനങ്ങള്‍ അക്രമാസക്തരാവുകയും കല്ലേറ് നടത്തുകയും ചെയ്തതോടെയാണ് വെടിവെക്കേണ്ടി വന്നതെന്നാണ് പൊലീസ് പറയുന്നത്. തലസ്ഥാനത്തേക്കുള്ള പ്രധാന റോഡ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും ടയറുകള്‍ കത്തിച്ച് തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
രൂക്ഷമായ ഇന്ധന ക്ഷാമമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കും ജനങ്ങള്‍ പ്രയാസപ്പെടുകയാണ്.

