

ദോഹ: ഖത്തര്‍ എയര്‍വെയ്‌സും ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും തമ്മിലുള്ള സഹകരണം വീണ്ടും ശക്തമാകുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.

ഇന്ത്യയിലെ 12 വിമാനത്താവളങ്ങളിലേക്കും തിരിച്ചുമായി ആഴ്ചയില്‍ 190 സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സിന് നിലവിലുള്ളത്. ഡല്‍ഹി, മുംബൈ, ഹൈദരബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, അമൃതസര്‍, ഗോവ, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിവയാണ് ഖത്തര്‍ എയര്‍വെയ്‌സ് സര്‍വീസ് നടത്തുന്ന വിമാനത്താവളങ്ങള്‍.

ഇന്‍ഡിഗോയ്ക്ക് ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളില്‍ നിന്നും ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ 154 സര്‍വീസുകളാണ് നടത്തുന്നത്. മുംബൈ, ഡല്‍ഹി, ഹൈദരബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്‍ഡിഗോയുടെ ദോഹ സര്‍വീസ് നടത്തുന്നത്.
ഖത്തര്‍ എയര്‍വെയ്‌സും ഇന്‍ഡിഗോയും തമ്മിലുള്ള കോഡ്‌ഷെയര്‍ കരാറിന്റെ ഭാഗമായി ഡല്‍ഹി, മുംബൈ, ഹൈദരബാദ് എന്നിവിടങ്ങളില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസുകളില്‍ ഏപ്രില്‍ 25 മുതലും ചെന്നൈ, ബംഗളൂരു, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ദോഹയിലേക്കുള്ള സര്‍വീസില്‍ മെയ് ഒന്‍പത് മുതലും ഇന്‍ഡിഗോ വിമാനങ്ങളില്‍ ഖത്തര്‍ എയര്‍വെയ്‌സ് മാര്‍ക്കറ്റിംഗ് കോഡ് സ്ഥാപിക്കും. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഹബ്ബായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ബന്ധിപ്പിക്കുന്നതോടെ വടക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ആസ്‌ത്രേലിയ എന്നിവ ഉള്‍പ്പെടെ എയര്‍ലൈനിന്റെ മുഴുവന്‍ നെറ്റ്‌വര്‍ക്കുകളിലേക്കും തടസ്സങ്ങളില്ലാതെയും സൗകര്യപ്രദമായും യാത്രക്കാര്‍ക്ക് പ്രയോജനം ലഭിക്കും.
സൗകര്യപ്രദമായ കണക്ഷനുകള്‍ക്ക് പുറമേ ഇന്‍ഡിഗോ നടത്തുന്ന എല്ലാ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളിലും ഖത്തര്‍ എയര്‍വെയ്‌സിന്റെ ലോയല്‍റ്റി പ്രോഗ്രാം പ്രിവിലേജ് ക്ലബ്ബിലെ അംഗങ്ങള്‍ക്ക് എവിയോസ് പോയിന്റുകള്‍ നേടാനാകും. ഖത്തര്‍ എയര്‍വെയ്‌സിന്റെ ലഗേജ് നിയമങ്ങള്‍ എല്ലാ കോഡ്‌ഷെയര്‍ ഫ്‌ളൈറ്റുകളിലും ബാധകമായിരിക്കും.

