

തിലക് മൈതാന്‍ സ്റ്റേഡിയം (ഗോവ): കരുത്തരായ ഹൈദരാബാദ് എഫ് സിയെ ഒരു ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴസ് എഫ് സി ഐ എസ് എല്‍ ഫുട്ബോളില്‍ ഒന്നാം സ്ഥാനത്ത്. 42-ാം മിനിറ്റില്‍ അല്‍വാരോ വാസ്കസാണ് മഞ്ഞപ്പടയുടെ വിജയഗോള്‍ കുറിച്ചത്. 10 മത്സരത്തില്‍ 17 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. നാല് ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയും. രണ്ടാമതുള്ള മുംബൈ സിറ്റിക്കും 17 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്സ് കുതിച്ചു. ഈ സീസണില്‍ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്നത്.
തോല്‍വിയില്ലാതെ തുടര്‍ച്ചയായ ഒമ്പതു മത്സരങ്ങളും പൂര്‍ത്തിയാക്കി. ജനുവരി 12ന് ഒഡിഷ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ഗോവയ്ക്കെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പ്രതിരോധത്തില്‍ മലയാളി താരം വി ബിജോയ്ക്ക് പകരം ഹോര്‍മിപാം തിരിച്ചെത്തി. ജെസെല്‍ കര്‍ണെയ്റോ, മാര്‍കോ ലെസ്കോവിച്ച്, ഹര്‍മന്‍ജോത് കബ്ര എന്നിവര്‍ തുടര്‍ന്നു. മധ്യനിരയുടെ ചുമതല ഇത്തവണയും അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുല്‍ സമദ്, പുയ്ട്ടിയ, ജീക്സണ് സിങ് എന്നിവര്‍ക്കാണ് പരിശീലകന് ഇവാന് വുകോമനോവിച്ച് നല്‍കിയത്. മുന്നേറ്റത്തില്‍ അല്‍വാരോ വാസ്കസ്ജോര്ജ് പെരേര ഡയസ് സഖ്യത്തിലുള്ള വിശ്വാസം തുടര്‍ന്നു. ഗോള്‍വല പ്രഭ്സുഖന്‍ സിങ് കാത്തു. ഹൈദരാബാദിന്റെ ഗോള്‍ വലയ്ക്ക് കീഴില്‍ ലക്ഷ്മികാന്ത് കട്ടിമാണിയായിരുന്നു. ആശിഷ് റായ്, ചിന്‍ഗ്ലെന്‍സന സിങ്, യുവനാന്‍, ആകാശ് മിശ്ര എന്നിവര്‍ പ്രതിരോധത്തില്‍. മധ്യനിരയില്‍ ജോയോ വിക്ടര്‍, ഹിതേഷ് ശര്‍മ, നിഖില്‍ പൂജാരി, എഡു ഗാര്‍ഷ്യ, അനികേത് ജാദവ് സഖ്യവും അണിനിരന്നു. ഗോളടിക്കാന്‍ ബര്‍തലോമേവ് ഓഗ്ബച്ചെയും.

ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തോടെയാണ് കളി തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ ലൂണയും ജോര്‍ജ് ഡയസും ചേര്‍ന്നുള്ള മുന്നേറ്റം ഹൈദരാബാദ് പ്രതിരോധത്തെ വിറപ്പിച്ചു. ഗോള്‍കീപ്പര്‍ കട്ടിമാണി അവരുടെ രക്ഷകനായി. പ്രത്യാക്രമണത്തിലൂടെ ഹൈദരാബാദും കളംപിടിക്കാന്‍ ശ്രമിച്ചതോടെ മത്സരം ആവേശത്തിലായി. ഒമ്പതാം മിനിറ്റില്‍ എഡു ഗാര്ഷ്യയെടുത്ത ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖന്‍ സിങ്ങിന്റെ ജാഗ്രതയില്‍ ക്രോസ്ബാറില്‍ തട്ടിമടങ്ങി. പന്തില്‍ നിയന്ത്രണം സ്ഥാപിച്ച് കളി വരുതിയിലാക്കാനുള്ള നീക്കമായിരുന്നു ഇരുടീമുകള്‍ക്കും. ഏകോപനത്തോടെയുള്ള പാസുകളോടെ ബ്ലാസ്റ്റേഴ്സായിരുന്നു ഇതില്‍ വിജയിച്ചത്. 17-ാം മിനിറ്റില്‍ ലൂണയെടുത്ത ഫ്രീകിക്ക് വലയിലാക്കാന്‍ ലെസ്കോവിച്ച് ശ്രമിച്ചെങ്കിലും ഹൈദരാബാദ് തടഞ്ഞു. തുടര്‍ച്ചയായ കുതിപ്പില്‍ അഞ്ച് മിനിറ്റിനുള്ളില്‍ വീണ്ടും ഫ്രീകിക്ക് ലഭിച്ചെങ്കിലും ഇത്തവണയും ലക്ഷ്യം കാണാന്‍ മഞ്ഞപ്പടയ്ക്കായില്ല. മറുവശം ഒഗ്ബച്ചെയിലൂടെയായിരുന്നു ഹൈദരബാദിന്റെ സര്‍വ്വനീക്കങ്ങളും. എന്നാല്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് മുമ്പില്‍ ഈ മുന്നേറ്റക്കാരന് നിശബ്ദനായി.
24-ാം മിനിറ്റില്‍ ഏറ്റവും മികച്ച അവസരം ബ്ലാസ്റ്റേഴ്സിനുണ്ടായി. വലതുപാര്‍ശ്വത്തില്‍നിന്ന് ലൂണ നല്കിയ ക്രോസ് ജോര്‍ജ് ഡയസിലേക്ക്. അര്‍ജന്റീനക്കാരന്റെ ഉജ്വല ഹെഡ്ഡര്‍ പക്ഷേ കട്ടിമാണി തടുത്തു. അടങ്ങിയിരുന്നില്ല ബ്ലാസ്റ്റേഴ്സ്. നിരാശരാകാതെ വീണ്ടും കുതിച്ചു. 28-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ സഹല്‍ നല്കിയ പന്ത് പുയ്ട്ടിയ തൊടുത്തെങ്കിലും ഹൈദരാബാദ് ഗോളി ഒരിക്കല്‍ക്കൂടി രക്ഷകനായി അവതരിച്ചു. 37-ാം മിനിറ്റില്‍ ലൂണയും ജോര്‍ജ് ഡയസും മനോഹരനീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. പതിവുപോലെ ലൂണയുടെ ബൂട്ടുകളില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങളെല്ലാം പിറന്നത്. നിരന്തര മുന്നേറ്റങ്ങള്‍ക്ക് ഫലമുണ്ടായി.
42-ാം മിനിറ്റില്‍ കൊതിച്ച നിമിഷമെത്തി. അല്‍വാരോ വാസ്കസ് അര്‍ഹിച്ച ലീഡ് ബ്ലാസ്റ്റേഴ്സിന് സമ്മാനിച്ചു. വലതുമൂലയില്‍നിന്ന് കാബ്രയുടെ നീണ്ട ത്രോ ബോക്സിലേക്ക്. സഹലിലേക്കായിരുന്നു. സഹലിന്റെ ഹെഡ്ഡര്‍ ഹൈദരാബാദ് പ്രതിരോധക്കാരന് ആശിഷ് റായിലേക്കായിരുന്നു. ഹെഡ്ഡറിലൂടെ ആശിഷ് പന്തകറ്റാന്‍ തുനിഞ്ഞത് പിഴച്ചു. പന്തെത്തിയത് തൊട്ടടുത്ത് നിലയുറപ്പിച്ച വാസ്കസിന്റെ ഇടംകാലിലേക്ക്. കരുത്തുറ്റ ഷോട്ടിന് മുമ്പില്‍ ഇത്തവണ കട്ടിമാണി കീഴടങ്ങി. ഇടവേളയ്ക്ക് മുമ്പ് സമനില ഗോളിനായുള്ള ഹൈദരാബാദിന്റെ നീക്കത്തെ ലെസ്കോവിച്ച് നിഷ്പ്രഭമാക്കി. പിന്നാലെ ഒഗ്ബച്ചെയുടെ ഷോട്ട് വലയ്ക്കരികിലൂടെ കടന്നുപോയി.
രണ്ടാംപകുതി ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് എത്തിയത്. കാബ്രയ്ക്ക് പകരം സന്ദീപ് സിങ് പ്രതിരോധത്തില്‍ ഇടംപിടിച്ചു. ഇടവേള കഴിഞ്ഞും മികവ് ആവര്‍ത്തിച്ചു മഞ്ഞപ്പട. ആദ്യമേ ആക്രമിച്ചു കളിച്ചു. എന്നാല്‍ പതിയെ ഹൈദരാബാദ് ഉണര്‍ന്നു. ഒപ്പമെത്താന്‍ കിണഞ്ഞു പരിശ്രമിച്ചു അവര്‍. ഓഗ്ബച്ചെയും അനികേത് ജാദവും മിന്നല്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖന്റെ രക്ഷപ്പെടുത്തലുകളും ഹൈദരാബാദിനെ തടഞ്ഞു. ഇതിനിടെ സഹലിന് പകരം നിഷുകുമാറെ എത്തിച്ചു ബ്ലാസ്റ്റേഴ്സ്. 79-ാം മിനിറ്റില്‍ പകരക്കാരന് ഹാവിയെര്‍ സിവെയ്റോ തൊടുത്ത ഷോട്ട് ഗോള്‍വരയ്ക്ക് മുമ്പില്‍നിന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ജെസെല്‍ കര്‍ണെയ്റോ രക്ഷപ്പെടുത്തി.
88-ാം മിനിറ്റില്‍ ലൂണയെ പിന്‍വലിച്ച് ചെഞ്ചൊയെ ഇറക്കി പരിശീലകന്. പരിക്കുസമയം ഒപ്പമെത്താന്‍ ഹൈദരാബാദ് സര്‍വ്വ സന്നാഹവുമായി കുതിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉലഞ്ഞില്ല. സിവെയ്റോ വലകുലുക്കിയെങ്കിലും ഓഫ്സൈഡായിരുന്നു. പരിക്കുസമയം ജെസെലിന് പകരം സഞ്ജീവ് സ്റ്റാലിനെയും ബ്ലാസ്റ്റേഴ്സ് ഇറക്കി.

