ഖത്തറില്‍ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ രണ്ട് ദശലക്ഷത്തിലേക്ക്

Web Desk
1 Min Read

ദോഹ: കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം ഖത്തറില്‍ രണ്ട് ദശലക്ഷത്തിലേക്ക്. ദേശീയ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ ഇതുവരെ 19,65,422 പേര്‍ക്കാണ് വാക്‌സിന്‍ ആദ്യ ഡോസ് നല്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപതിനായിരത്തിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളില്‍ 21,461 പേര്‍ക്കാണ് വാക്‌സിന്‍ ഡോസ് നല്കിയത്. വാക്‌സിന്‍ രണ്ടാം ഡോസ് 16,70,850 പേര്‍ക്ക് നല്കിയിട്ടുണ്ട്.
കണക്കുകള്‍ പ്രകാരം യോഗ്യരായ ജനസംഖ്യയുടെ 79 ശതമാനം പേര്‍ക്കാണ് ഇതിനകം ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചിരിക്കുന്നത്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് 98.6 ശതമാനത്തിനും വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ രണ്ടു ഡോസും ലഭിച്ചവര്‍ 93.5 ശതമാനമാണ്.
വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ രോഗബാധ ഉണ്ടാകുന്നവരിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ആശുപത്രി, തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡ് രണ്ടാം തരംഗത്തിന് ഇതുവരെ അറുതി വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ ജൂലൈ ഒന്‍പതിന് ആരംഭിച്ചിട്ടുണ്ട്. നാല് ഘട്ടങ്ങളിലായാണ് കോവിഡ് നിയന്ത്രണ ലഘൂകരണ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ഘട്ടവും മൂന്നാഴ്ചക്കാലമാണ് നീണ്ടുനില്‍ക്കുക. അങ്ങനെയാണെങ്കിലും പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട സൂചനകളെ ആശ്രയിച്ചായിരിക്കും കാലാവധിയുടെ ദൈര്‍ഘ്യം തീരുമാനിക്കുക.
പ്രതിരോധ കുത്തിവെയ്പ് വര്‍ധിച്ചിട്ടുണ്ടെങ്കിലും മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ഇളവ് നല്കിയിട്ടില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!