ആദ്യ ഇന്ത്യന്‍ നിര്‍മിത വിമാന വാഹിനി കപ്പല്‍ അടുത്ത വര്‍ഷത്തോടെ നാവിക സേനയില്‍

Web Desk
1 Min Read

കൊച്ചി: ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാന വാഹിനി കപ്പല്‍ വിക്രാന്ത് അടുത്ത വര്‍ഷം പകുതിയോടെ നാവിക സേനയോടൊപ്പം ചേര്‍ന്നേക്കും. ഇതിന്റെ ഭാഗമായി കടലില്‍ പരിശീലനം തുടങ്ങി. ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും വലുതും സങ്കീര്‍ണവുമായ യുദ്ധക്കപ്പലാണ് വിക്രാന്ത്. ചരിത്രപരം എന്നാണ് ഇന്ത്യന്‍ നാവികസേന വിക്രാന്ത് നിര്‍മാണത്തെ വിശേഷിപ്പിച്ചത്.
1971ലെ യുദ്ധത്തില്‍ പ്രധാനപങ്കുവഹിച്ച കപ്പല്‍ വിക്രാന്തിന്റെ പേരാണ് പുതിയ വിമാന വാഹിനി കപ്പലിനും നല്കിയിരിക്കുന്നത്. കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് നിര്‍മിച്ച കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുണ്ട്. കൂടാതെ 40,000 ടണ്ണാണ് ഭാരം. ഏകദേശം 23,000 കോടി രൂപയാണ് കപ്പലിന്റെ നിര്‍മാണച്ചെലവ്.
കടലിലെ പരിശീലനത്തിനും പരീക്ഷണങ്ങള്‍ക്കും ശേഷം വ്യോമയാന പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയാട്ടായിരിക്കും അടുത്ത വര്‍ഷം രണ്ടാം പകുതിയോടെ ഇന്ത്യന്‍ നാവികസേന കപ്പല്‍ കമ്മീഷന്‍ ചെയ്യുക.
കൊച്ചി ഷിപ്യാര്‍ഡില്‍ നടക്കുന്ന ജോലികള്‍ വിലയിരുത്താന്‍ ജൂണ്‍ മാസത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തിയിരുന്നു. വിക്രാന്തില്‍ മിഗ് 29 കെ യുദ്ധ വിമാനങ്ങളും കെ എ 31 ഹെലികോപ്ടറുകളും ഉള്‍പ്പെടെ 30 യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും ഉള്‍ക്കൊള്ളാന്‍ കഴിയും. ഇന്ത്യയ്ക്ക് ഐ എന്‍ എസ് വിക്രമാദിത്യയെന്ന വിമാന വാഹിനിക്കപ്പല്‍ കൂടി സ്വന്തമായുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!