

കൊച്ചി: ആക്ഷന്‍ ഹീറോ വിശാലിന്റെ 32- മത്തെ സിനിമയായ ‘ലാത്തി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തില്‍ പൃഥ്വിരാജും തമിഴില്‍ കാര്‍ത്തിയും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ചേര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റീലീസ് ചെയ്തു.

നടന്മാരായ രമണയും നന്ദയും ചേര്‍ന്ന് റാണാ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മക്കുന്ന ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ പോലീസ് സ്റ്റോറിയാണ് ‘ലാത്തി’ ക്ക് അവലംബം.

സുനൈനയാണ് ചിത്രത്തില്‍ വിശാലിന്റെ നായിക. ഒരു മലയാളി നടനാണ് ഇതിലെ ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതാരാണെന്ന വിവരം ഇതുവരെ അണിയറക്കാര്‍ പുറത്തു വിട്ടിട്ടില്ല. നടന്‍ പ്രഭുവും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവന്‍ ഷങ്കര്‍ രാജ ചിത്രത്തിന്റെ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിര്‍വഹിക്കുന്നു.
ലാത്തിയുടെ ചിത്രീകരണം ഹൈദരാബാദില്‍ നടന്നു വരുന്നു. ഇതിലെ സാഹസികമായ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയിനാണ്.

