

ഷാങ്ഹായ്: കോവിഡ് വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് ഷാങ്ഹായിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അധികൃതര്‍ കടുപ്പിച്ചു. നിയന്ത്രണങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ചെറുകിട ബിസിനസുകളെയും മോശമായ രീതിയില്‍ ബാധിക്കുന്നത്.

26 മില്യന്‍ ജനങ്ങളുള്ള ഷാങ്ഹായ് ചൈനയുടെ ഫിനാന്‍ഷ്യല്‍ ഹബ്ബാണ്. കഴിഞ്ഞയാഴ്ചയാണ് അധികൃതര്‍ നഗരത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.

ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ ഹോട്സ്പോട്ടായി ഷാങ്ഹായ് മാറിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുറച്ച് ദിവസങ്ങളായി ചൈനയില്‍ ദിവസേനയുള്ള കോവിഡ് കണക്കില്‍ കുറവുണ്ടെങ്കിലും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ കണക്കുകള്‍ കൂടുതലാണ്.
ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള ബിസിനസ് മേഖലകള്‍ പ്രതിസന്ധിയിലാണ്. ബിസിനസ് സമ്പൂര്‍ണമായി തകര്‍ന്നു എന്ന് പ്രദേശത്തെ ചില ബിസിനസുകാര്‍ പ്രതികരിച്ചതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണിലൂടെ കടന്നുപോകുന്ന നഗരത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
വീടിന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നതായുള്ള ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു.
‘ദമ്പതികള്‍ ഒരുമിച്ച് കിടക്കരുത്, ഒരുമിച്ച് ഭക്ഷണം കഴിക്കരുത്. പരസ്പരം കെട്ടിപ്പിടിക്കുകയോ ഉമ്മ വെക്കുകയോ ചെയ്യരുത്,’ എന്നിങ്ങനെ മെഗാഫോണ്‍ ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിപ്പ് കൊടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. കര്‍ശന നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നുതന്നെ പ്രതിഷേധമുയരുന്നുണ്ട്.

