Connect with us

Entertainment

‘പുന്നാര കാട്ടിലെ പൂവനത്തില്‍’; മോഹന്‍ലാല്‍ – എല്‍ ജെ പി ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Published

on


കൊച്ചി: മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആരാധകരുടെ താളമേകുന്നതിന് ഇമ്പമേറുന്ന ആദ്യ ഗാനം റിലീസ് ചെയ്തു. ‘പുന്നാര കാട്ടിലെ പൂവനത്തില്‍’ എന്ന ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് രചന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാര്‍ വാക്കിയിലും അഭയ ഹിരണ്‍മയിയുമാണ്. പ്രേക്ഷക പ്രശംസയും ഒരു കോടിയില്‍പ്പരം കാഴ്ചക്കാരെയും സ്വന്തമാക്കിയ വാലിബന്റെ ടീസറിനു ശേഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രത്തിന്റെ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്.

‘മലയാളത്തിന്റെ ഗാനശാഖ അതിമനോഹരവും അതിവിശാലവും ആണ്. വളരെ വിപുലമാണ് നമ്മുടെ പാട്ടുകളുടെ ചരിത്രം. അതില്‍ ഓരോ പ്രണയഗാനവും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്. വാലിബനിലെ എല്ലാ ഗാനങ്ങളോടും എനിക്ക് ഇഷ്ടമാണെങ്കിലും ഈ ഗാനത്തിനോട് ഒരു പ്രത്യേക മമത ഉണ്ട് എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. അത് ഇതൊരു പ്രണയ ഗാനം കൂടി ആയതു കൊണ്ടാണ്. പ്രണയവും വിരഹവും അതിന്റെ ദുഖവുമെല്ലാം എന്നും നെഞ്ചിലേറ്റിയിട്ടുള്ള, ഇഷ്ടപെട്ടിട്ടുള്ള മലയാളികള്‍ക്ക് വേണ്ടി പുന്നാരകാട്ടിലെ എന്ന ഈ ഗാനം സമര്‍പ്പിക്കുന്നു’ എന്നാണ് പി എസ് റഫീഖ് മലൈക്കോട്ടൈ വാലിബനിലെ ഈ ഗാനത്തിനെക്കുറിച്ചു പറഞ്ഞത്.

‘ജീവിതത്തിലെ മനോഹരമായ ദിവസം ആണ് ഇന്ന്, നമ്മളോരുത്തരും പ്രതീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസാകുകയാണ്. ഒരു വര്‍ഷം മുന്നേ എനിക്ക് വളരെ ഇഷ്ടമുള്ള സംഗീത സംവിധായകന്‍ ആയ പ്രശാന്ത് പിള്ളൈ ഒരു ഗാനാലാപനത്തിനു ക്ഷണിക്കുകയും വളരെ തൃപ്തിയോടെ ആ ഗാനം പാടി സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങി വന്ന എനിക്ക് ഏതാണ് ഈ ഗാനം, ഏതു സിനിമയിലേതാണ് ഈ ഗാനം എന്നതിനെക്കുറിച്ചു ഒരു ഐഡിയയും ഇല്ലായിരുന്നു. രണ്ടു മാസത്തിനു മുന്നേ ലിജോ ജോസ് പെല്ലിശ്ശേരി ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാന്‍ എന്നെ വിളിക്കുകയും ആ ജോലി പൂര്‍ത്തീകരിച്ച ശേഷം ‘അഭയ പാടിയ മലൈക്കോട്ടൈ വാലിബനിലെ പാട്ടു കേള്‍ക്കണ്ടേ’ എന്ന് ചോദിക്കുകയും ലിജോ ഈ ഗാനം കേള്‍പ്പിച്ച് തരുന്ന സമയത്താണ് എനിക്ക് പോലും വിശ്വസിക്കാന്‍ പറ്റാത്ത തരത്തില്‍ നമ്മുടെ ലെജന്‍ഡറി ആക്ടര്‍ ലാലേട്ടന്റെ മലൈക്കോട്ടൈ വാലിബനില്‍ ഞാനും ഒരു ഭാഗമായ കാര്യം അറിയുന്നത്. ഒരുപാടു സന്തോഷം കിട്ടിയ നിമിഷം. അത്രേം പ്രൗഡ് തോന്നിയ നിമിഷം ആയിരുന്നു അത്. ലിജോക്കും പ്രശാന്ത് പിള്ളക്കും ഒത്തിരി നന്ദി. നിങ്ങളും ഈ ഗാനം ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു’ എന്നാണ് ഈ ഗാനം ആലപിച്ച അഭയ ഹിരണ്മയി പങ്കുവച്ച വാക്കുകള്‍.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വഹിച്ചിരിക്കുന്നു. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി എന്നിവരും മറ്റ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ 2024 ജനുവരി 25ന് തിയേറ്ററുകളിലെത്തും. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.


error: Content is protected !!