പടിഞ്ഞാറന്‍ ജര്‍മനിയില്‍ വെള്ളപ്പൊക്കം

Web Desk
1 Min Read

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലും യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവും. പ്രാഥമിക കണക്കുകള്‍ പ്രകാരം ഇരുന്നൂറോളം പേര്‍ മരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ആശങ്കപ്പെടുന്നത്. ആയിരത്തിലേറെ പേരെ കാണാതായിട്ടുണ്ട്. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ കാണാതായവരുടേയും മരിച്ചവരുടേയും കൃത്യമായ വിവരങ്ങളില്ല.
ജര്‍മനിക്കു പുറമേ ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ്, ലക്‌സംബര്‍ഗ്, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കനത്ത മഴയാണ് പെയ്തത്. പടിഞ്ഞാറന്‍ ജര്‍മനിയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്.
തൊള്ളായിരത്തോളം സൈനികരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യക്തമായ സൂചനയാണ് വെള്ളപ്പൊക്കമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ സൂചിപ്പിക്കുന്നത്. അംഗരാജ്യങ്ങളെ പിന്തുണക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ കമ്മീഷന്‍ സജീവമാക്കിയതായും അറിയിച്ചു.

city exchange


കോടിക്കണക്കിന് യൂറോയുടെ നഷ്ടങ്ങളുണ്ടായതായാണ് പ്രാഥമിക കണക്ക്. കേവലം 15 മിനുട്ടിനകം പ്രദേശം വെള്ളത്തില്‍ മുങ്ങിയതായി റൈന്‍ലാന്റ്- പാലിറ്റിനേറ്റ് സ്റ്റേറ്റിലെ ബാഡ് ന്യൂനഹറില്‍ നിന്നുള്ള 21കാരനായ അഗ്രോണ്‍ ബെറിഷയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
തീവ്രമായ മഴയും കാലാവസ്ഥാ വ്യതിയാനവും തമ്മില്‍ ബന്ധമുണ്ടെന്ന് ബ്രസ്സല്‍സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ വിം തിയറി പറഞ്ഞു. പടിഞ്ഞാറന്‍ യു എസിലും കാനഡയിലും സൈബീരി മുതല്‍ യൂറോപ്പിലെ റൈന്‍ പ്രദേശം വരെ കടുത്ത കാലാവസ്ഥാ വ്യതിയാനമാണ് ബാധിച്ചിരിക്കുന്നതെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
തെക്കന്‍ ഡച്ച് പട്ടണമായ മെര്‍സണില്‍ നിന്നും പരിസര പ്രദേശങ്ങളിലും നൂറുകണക്കിന് ജനങ്ങളാണ് പലായനം ചെയ്യുന്നത്. ചുറ്റുമുള്ള ഗ്രാമങ്ങളായ ബുണ്ടെ, വോള്‍വെയിംസ്, ബ്രോമെലെന്‍, ജ്യൂലെ തുടങ്ങിയവയെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

Share This Article
Leave a Comment
error: Content is protected !!